മാതാപിതാക്കള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് അഡ്മിഷന് ലഭിക്കും... വ്യാജ രേഖകള്‍ ചമച്ച് സ്കൂളില്‍ അഡ്മിഷന് നേടിയ യുവതി അറസ്റ്റില്‍
കുട്ടിയാണെന്ന് പറഞ്ഞ് വ്യാജ രേഖകള്‍ ചമച്ച് സ്കൂളില്‍ അഡ്മിഷന് നേടിയ യുവതി അറസ്റ്റില്‍. ഹൈജിയോങ് ഷിന് എന്ന യുവതി കഴിഞ്ഞ ആഴ്ചയാണ് വ്യാജ രേഖകള്‍ ഉണ്ടാക്കി സ്കൂളിലെ വിദ്യാര്‍ഥി പട്ടികയില്‍ ഇടം നേടിയത് .ന്യൂ ബ്രണ്‍സ്വിക്ക് ഹൈ സ്കൂളിലാണ് സംഭവം. ന്യൂ ജേഴ്സിയിലെ നിയമം അനുസരിച്ച് മതിയായ രേഖകള്‍ ഹാജരാക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് അഡ്മിഷന് നല്കാന് കഴിയും. ഈ മുതലെടുത്താണ് യുവതി സ്കൂളില്‍ കയറിപറ്റിയത്.
കുട്ടിയാണെന്ന വ്യാജേന നാല് ദിവസം ഇവര്‍ ക്ലാസ്സില്‍ ഇരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്കൂള്‍ അധികൃതര്‍ യുവതിയെ തിരിച്ചറിയുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന സ്കൂള്‍ യോഗത്തിലൂടെയാണ് പ്രശ്നം പുറത്തറിഞ്ഞത്.
'കഴിഞ്ഞ ആഴ്ച ഒരു മുതിര്‍ന്ന യുവതി വ്യാജ രേഖകള്‍ കാണിച്ച് സ്കൂള്‍ വിദ്യാര്‍ഥി ചമഞ്ഞ് വരികയും ക്ലാസ്സുകളില്‍ പങ്കെടുക്കുകയും സ്കൂളിലെ കൗണ്‍സിലറോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. ഹൈജിയോങ് ഷിന് എന്ന യുവതിയുടെ പ്രായം വെളിപ്പെട്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു 'സ്കൂള്‍ സൂപ്രണ്ടായ ഒബ്രെയ് ജോണ്സന് പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കാന്‍ പ്രായം കുറച്ച് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനാണ് ഇവരെ ന്യൂ ബ്രണ്‍സ്വിക് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ് കട്ട് ചെയ്ത് പുറത്തു പോകാം എന്ന തരത്തില്‍ ക്ലാസ്സിലെ പല കുട്ടികള്‍ക്കും ഇവര്‍ ടെക്സ്റ്റ് മെസ്സേജ് അയച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൂടാതെ കുട്ടികളോട് ഇവര്‍ വിചിത്രമായി പെരുമാറുകയും ചെയ്തു. ഇതൊക്കെ കൂടുതല്‍ സംശയത്തിന് ഇടയാക്കുകയായിരുന്നു .
https://www.facebook.com/Malayalivartha