തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ഭൂകമ്പം ഇരുരാജ്യങ്ങളേയും തകര്‍ത്തിരിക്കുകയാണ്...രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്..ഓരോ 10 മിനിറ്റിലും ഒരു മൃതദേഹം...

തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ഭൂകമ്പം ഇരുരാജ്യങ്ങളേയും തകര്‍ത്തിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 3823 കടന്നു. തുര്‍ക്കിയില്‍ മാത്രം 2,379 പേര്‍ മരിച്ചതായും 5,383 പേര്‍ക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ 1,444 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. നൂറുകണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുര്‍ക്കിയില്‍ രണ്ടു തുടര്‍ചലനങ്ങളും ഉണ്ടായി.കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ഓരോ പത്ത് മിനിറ്റിലും ഒരു മൃതദേഹം വീതം ലഭിക്കുന്നുണ്ടെന്ന നടുക്കുന്ന വാർത്തയാണ് വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഹാരെമിൽ നിന്ന് ലഭിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം കൃത്യമല്ല. ഇതിനിടെ ഒരു കൈക്കുഞ്ഞിനെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ജീവനോടെ പുറത്തെടുക്കാനായത് ആശ്വാസമായി.
അതേ സമയം, സിറിയൻ ആശുപത്രികളിൽ മരുന്നിനും രക്തത്തിനും രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്. ആശുപത്രികളുടെ വരാന്തകൾ പരിക്കേറ്റവരാൽ നിറഞ്ഞു കഴിഞ്ഞതോടെ രക്ഷാപ്രവർത്തകർ പുറത്തും അടിയന്തര ചികിത്സകൾ നൽകുന്നുണ്ട്.വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തങ്ങളെ സഹായിക്കണമെന്ന് സിറിയയിലെ വിമത മേഖലയിലെ രക്ഷാപ്രവർത്തക സംഘടനയായ വൈറ്റ് ഹെൽമറ്റ്‌സ് അഭ്യർത്ഥിച്ചു.അതെ സമയം ഭൂചലനത്തില്‍ ദുരിതക്കയത്തിലായ ഇരുരാജ്യങ്ങള്‍ക്കും സഹായ വാഗ്ദാനവുമായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. ദുരന്തനിവാരണത്തിനായി രണ്ടു എന്‍ഡിആര്‍എഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചത്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇസ്രയേല്‍, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങിിയ രാജ്യങ്ങളാണ് സഹായവാഗ്ദാനം മുന്നോട്ടു വച്ചത്. ഇതിനകം 45 ലോകരാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് വിശദീകരിച്ചു.
നൂറുകണക്കിനുപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ചിലയിടത്ത് വീണ്ടും കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വിമതരുടെ കൈവശമുള്ള മേഖലകളില്‍ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ചരിത്രസ്മാരകങ്ങളും ഭൂചലനത്തില്‍ നിലംപൊത്തി.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടര്‍ചലനങ്ങളാണ് ഉണ്ടായത്.
നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ഏറെ ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവില്‍ ഡിഫന്‍സ് സേന അറിയിച്ചു.പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 4.17നാണ് ആദ്യ ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
https://www.facebook.com/Malayalivartha