പാകിസ്താനില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്... പാര്‍ലമെന്റിലേക്കും നാല് പ്രവിശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ്....

പാകിസ്താനില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പാര്‍ലമെന്റിലേക്കും നാല് പ്രവിശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ്.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് വിദേശത്ത് പ്രവാസത്തില്‍ കഴിഞ്ഞ പാകിസ്താന്‍ മുസ്‌ലിം ലീഗിലെ നവാസ് ശരീഫും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവും ബേനസീര്‍ ഭുട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും തമ്മിലാണ് പ്രധാന മത്സരമുള്ളത്.
നവാസ് ശരീഫിന് സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നു. മൂന്ന് വ്യത്യസ്ത കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ മത്സര രംഗത്തില്ല. കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് പാകിസ്താന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പണപ്പെരുപ്പം 30 ശതമാനത്തോളമാണ്. രണ്ട് വര്‍ഷത്തിനിടെ കറന്‍സിയുടെ മൂല്യം പകുതിയായി കുറഞ്ഞു. 13 കോടി വോട്ടര്‍മാരാണ് 16ാമത് പാര്‍ലമെന്റിലേക്കുള്ള 266 എം.പിമാരെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതല്‍ യുവ വോട്ടര്‍മാരുള്ളതും ഇത്തവണയാണ്.
6.9 കോടി പുരുഷ വോട്ടര്‍മാരും 5.9 കോടി സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 167 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളും സ്വതന്ത്രരുമായി പാര്‍ലമെന്റിലേക്ക് 5121 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇവരില്‍ 4806 പേര്‍ പുരുഷന്‍മാരും 312 പേര്‍ വനിതകളും രണ്ട് പേര്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരുമാണ്. 90,582 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
2018ല്‍ 51.9 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ചുവരെ നീളും. പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവിശ്യകള്‍.
https://www.facebook.com/Malayalivartha
























