പഠന ഗവേഷണ കേന്ദ്രം തുടങ്ങാന്‍ സിപിഐ, എ.ബി. ബര്‍ദന്റെ സ്മാരകമായിട്ടാകും ഇത്

പഠന ഗവേഷണ കേന്ദ്രം തുടങ്ങാന്‍ സിപിഐയും. അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്റെ സ്മാരകമായിട്ടാകും ഇത്. രാഷ്ട്രീയ പഠനത്തിനായിരിക്കും പ്രാമുഖ്യം. ഡല്‍ഹിയിലാകും കേന്ദ്രമെങ്കിലും പ്രവര്‍ത്തനം കേരളം ഉള്‍പ്പെടെ പ്രബല സംസ്ഥാനങ്ങളിലെല്ലാം ഉടന്‍ വ്യാപിപ്പിക്കാനും ആന്ധ്രയിലെ ഗുണ്ടൂരില്‍ സമാപിച്ച സിപിഐ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു.
സിപിഎമ്മിനു കേരളത്തില്‍ എകെജി പഠന–ഗവേഷണ കേന്ദ്രവും ഇഎംഎസ് അക്കാദമിയുമുണ്ട്. ദേശീയതലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ പേരില്‍ മറ്റൊന്നു തുടങ്ങാനുമിരിക്കുന്നു. സിപിഐക്കു പി.സി. ജോഷി– ജി. അധികാരി എന്നീ മുന്‍നേതാക്കളുടെ പേരില്‍ ഡല്‍ഹിയില്‍ പഠനകേന്ദ്രം ഉണ്ടെങ്കിലും രാജ്യം ശ്രദ്ധിക്കുന്ന ഒരു കേന്ദ്രമില്ല. ആ കുറവ് ബര്‍ദന്റെ പേരിലുള്ള സ്മാരകത്തോടെ തീര്‍ക്കണം എന്നാണു പാര്‍ട്ടി തീരുമാനം.
ഡല്‍ഹിയിലെ സിപിഐ ആസ്ഥാനത്തോടനുബന്ധിച്ചു പ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങും. രാഷ്ട്രീയ വിദ്യാഭ്യാസത്തിനു ബര്‍ദന്‍ നല്‍കിവന്ന പ്രാമുഖ്യം ഉള്‍ക്കൊണ്ടുള്ള കേന്ദ്രം ആരംഭിക്കണമെന്നും അതിന്റെ പ്രയോജനം പാര്‍ട്ടി അണികള്‍ക്ക് അടക്കം ലഭ്യമാക്കണമെന്നുമുള്ള അഭിപ്രായത്തോടെയാണു സിപിഐ കൗണ്‍സില്‍ പിരിഞ്ഞത്. ഫെബ്രുവരിയിലെ ദേശീയ നിര്‍വാഹക സമിതി യോഗം ഇതിന്റ വിശദാംശങ്ങള്‍ നിശ്ചയിക്കും. ബര്‍ദന്റെ പുസ്തകങ്ങളും സഞ്ചികയായി പ്രസിദ്ധീകരിക്കും. ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളവും ബംഗാളും അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തയാറെടുപ്പ് ദേശീയ കൗണ്‍സില്‍ വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha