ഇറാന്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക...
ഇസ്രായേലിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ പശ്ചിമേഷ്യയിലേക്കുള്ള യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് എബ്രഹാം ലിങ്കൺ സ്‌ട്രൈക്ക് ഗ്രൂപ്പിനോട് ഈ മേഖലയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താൻ ആവശ്യപ്പെട്ടത്. ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ച ശേഷമാണ് ലോയ്ഡ് ഓസ്റ്റിന്റെ ഉത്തരവ്. ഗൈഡഡ് മിസൈൽ അന്തർവാഹിനി ഉൾപ്പെടെയുള്ളവയുടെ വിന്യാസമാണ് അമേരിക്ക നടത്തുക. ഇസ്രയേൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നേരത്തെ തന്നെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു.
ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയെ ഇറാനിൽവച്ച് ഇസ്രയേൽ കൊലപ്പെടുത്തിയതാണ് പശ്ചിമേഷ്യയെ വീണ്ടും സംഘർഷ സാധ്യതയിലേക്ക് തള്ളിവിട്ടത്. കൊലപാതകത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ആരോപിച്ച ഇറാൻ ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു. കൂടാതെ, ഹിസ്‌ബുള്ള നേതാവ് ഫുവാദ് ശുക്കറിനെയും ഇസ്രയേൽ വധിച്ചിരുന്നു. ഇത് ഹിസ്‌ബുള്ളയെയും ചൊടിപ്പിച്ചിട്ടുണ്ട്. ഹനിയയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ഭയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനോട് സംയമനം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നിരുന്നാലും, നേരിട്ട് ആക്രമണം നടത്താന്‍ ഇറാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ അത് നടത്തുമെന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നതായി വൃത്തങ്ങള്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇറാന്റെ നിലപാടിനെക്കുറിച്ചുള്ള ഇസ്രായേലിന്റെ വിലയിരുത്തലിലെ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസിന്റെ റിപ്പോര്‍ട്ടര്‍ സൂചിപ്പിക്കുന്നു. ഇറാനില്‍ റവല്യൂഷണറി ഗാര്‍ഡുകളും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മില്‍ ഹനിയയുടെ മരണത്തോടുള്ള പ്രതികരണത്തെക്കുറിച്ച് ഒരു ആഭ്യന്തര സംവാദം നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റവല്യൂഷണറി ഗാര്‍ഡുകള്‍ കടുത്ത പ്രതികരണത്തിനായി പ്രേരിപ്പിക്കുകയാണ്, ഇത് ഒഴിവാക്കണമെന്ന് പെസെഷ്‌കിയന്‍ സമ്മര്‍ദ്ധം ചെലുത്തുന്നതായും റിപോര്‍ട്ടുകള്‍ ഉണ്ട്.
ഗാസയിൽ വെടിനിർത്തൽ ഏർപ്പെടുത്താനുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരുടെ മധ്യസ്ഥയിൽ വെള്ളിയാഴ്ച ചർച്ചകളും വിളിച്ചിട്ടുണ്ട്. കൂടുതൽ യോഗങ്ങളിലേക്ക് പോകുന്നതിന് പകരം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ ഉപാധികൾ നടപ്പാക്കുകയാണ് വേണ്ടത് എന്നതാണ് ഹമാസിന്റെ പക്ഷം. ചർച്ചാ പ്രക്രിയയിലുടനീളം തങ്ങൾ അനുകൂല സമീപനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രയേലിനാണ് താത്പര്യമില്ലാത്തതെന്നും അവർ ആരോപിച്ചു.
https://www.facebook.com/Malayalivartha