വീണ്ടും പശ്ചിമേഷ്യ യുദ്ധ കലുഷിതമാകുന്നു..ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്നാണ് നെതന്യാഹു ഭീഷണി മുഴക്കിയിരിക്കുന്നത്..എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്..

വീണ്ടും പശ്ചിമേഷ്യ യുദ്ധ കലുഷിതമാകുന്നു. തങ്ങളുടെ മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഹമാസിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇരുകൂട്ടരും തമ്മിലുള്ള ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്നാണ് നെതന്യാഹു ഭീഷണി മുഴക്കിയിരിക്കുന്നത്. ഗാസയില്‍ ഹമാസിനെതിരേ ഇസ്രയേലും അമേരിക്കയും സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ഞങ്ങള്‍ക്ക് പൊതുവായൊരു പദ്ധതിയുണ്ട്.എന്നാലത് ഇപ്പോള്‍ പരസ്യമാക്കാനാവില്ല. അവര്‍ ഒന്നൊഴിയാതെ എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും- നെതന്യാഹു വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം.ഹമാസിന്റെ സൈനികശേഷിയെയും ഗാസയിലെ അവരുടെ ഭരണവും ഞങ്ങളില്ലാതാക്കും. ഞങ്ങള്‍ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരും. ഇനിയൊരിക്കലും ഗാസ ഇസ്രയേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും.
ഈ ലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടാന്‍ ഞങ്ങള്‍ക്ക് അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്-നെതന്യാഹു പറഞ്ഞു.ഗാസയെ പറ്റി അമേരിക്കന്‍ പ്രസിഡന്റിന്റെ പദ്ധതിയെ ശക്തമായ നീക്കമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ട്രംപിന്റെ ആശയം യാഥാര്‍ഥ്യമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ജോര്‍ദാനിലും ഈജിപ്തിലുമായി അധിവസിപ്പിച്ച് ഗാസയെ പൂര്‍ണമായും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായി മാറ്റുക എന്നതാണ് ട്രംപിന്റെ പദ്ധതി.ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ഇത്തരം പരാമര്‍ശങ്ങളെന്നതാണ് ശ്രദ്ധേയം.
രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള കൂടുതല്‍ ബന്ദികളെ വിട്ടയക്കേണ്ടതായിട്ടുണ്ട്.അതേസമയം, ശാശ്വതമായ പ്രശ്ന പരിഹാര കരാര്‍, ഇസ്രായേൽ സേനയെ പിൻവലിക്കൽ എന്നിവയെക്കുറിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല.അതെ സമയം വെടിനിർത്തൽക്കരാർ നിലനിൽക്കുന്ന ഗാസയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നുപോലീസുകാർ മരിച്ചെന്ന് ഹമാസ് അറിയിച്ചു. തെക്കൻനഗരമായ റാഫയിലെ അൽശൗകയിൽ സഹായം സ്വീകരിക്കാനായി വിന്യസിച്ചിരുന്ന പോലീസുകാരാണിവരെന്ന് ഗാസയുടെ ഭരണാധികാരികളായ ഹമാസ് പറഞ്ഞു.
രണ്ടുപോലീസുകാർ സംഭവസ്ഥലത്തും, ഒരാൾ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.ആയുധധാരികളായ ഒട്ടേറെപ്പേർ ഗാസയുടെ തെക്കുഭാഗത്തേക്കു നീങ്ങുന്നതുകണ്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
https://www.facebook.com/Malayalivartha