ലിയോ പതിനാലാമന്‍ 267-ാമത് മാര്‍പാപ്പയായി സ്ഥാനമേറ്റു; സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്

ലിയോ പതിനാലാമന്‍ 267-ാമത് മാര്‍പാപ്പയായി സ്ഥാനമേറ്റു. വത്തിക്കാനില്‍ ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങ് പുരോഗമിക്കുകയാണ്.വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് പീറ്റേഴ്‌സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാന ആരംഭിച്ചു.
കുര്‍ബാനമദ്ധ്യേ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്വം ഏറ്റെടുത്തു. മാര്‍പാപ്പ സ്ഥാനത്തെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് ലിയോ പതിനാലാമന്‍. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചടങ്ങിനെത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡ്റിക് മെര്‍സ് തുടങ്ങിയവരും ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങുകള്‍ക്ക് സാക്ഷിയായി. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ചടങ്ങുകള്‍ തുടങ്ങിയത്. കനത്ത സുരക്ഷാ വലയത്തിലാണ് വത്തിക്കാനും സമീപ പ്രദേശങ്ങളും. ദൈവ സ്‌നേഹത്തിന്റെ വഴിയേ നടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ മിടുക്ക് കൊണ്ടല്ല മാര്‍പാപ്പ ആയതെന്നും ലിയോ പതിനാലാമന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha