ഗാസ സിറ്റിയിലെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കാന്‍ സമയബന്ധിത പദ്ധതി ആസൂത്രണം ചെയ്ത് ഇസ്രായേല്‍ സൈന്യം: അതിഭയാനകമായ സാഹചര്യം; ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയടക്കം തകർത്തു...

ഇനി ഒരു മാസം മാത്രം ബാക്കി. ഗാസ സിറ്റിയില്‍ ഒരു പലസ്തീന്‍ പൗരന്‍ പോലും ഇനി ബാക്കിയുണ്ടാകില്ല. ഗാസ സിറ്റിയിലെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കാന്‍ ഇസ്രായേല്‍ സൈന്യം സമയബന്ധിത പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു. ഗാസ സിറ്റിയിലെ അഞ്ചു ലക്ഷം ജനങ്ങളോടും അടിയന്തിരമായ ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പുനല്‍കിയതോടെ അതിഭയാനകമായ സാഹചര്യമാണ് ഗാസയില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഗാസ സിറ്റിയിലെ റോഡുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി ഇസ്രയേല്‍ ടാങ്കുകള്‍ ഇന്നലെ മുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ഗാസയുടെ 80 ശതമാനം പ്രദേശവും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.
ഗാസ സിറ്റിയിലെ സെയ്തൂണ്‍, സബ്ര, ഷെജയ്യ എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ ശക്തമായ ബോംബിംഗ് നടത്തിവരികയാണ്. കുട്ടികള്‍ ഉള്‍പ്പെടെ 40 പേരാണ് ഇന്നലെ ഇവിടെ കൊല്ലപ്പെട്ടത്. ഹമാസിന്റെ സമുന്നത നേതാവും ജനറല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിന്റെ തലവനുമായ മഹ്മൂദ് അല്‍ അസ്വദിനെ ഇസ്രായേല്‍ സൈന്യം വധിച്ചതോടെ ഹമാസ് കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുന്നു. തെക്കന്‍ ഗാസയില്‍ കൂടുതല്‍ സഹായവിതരണ കേന്ദ്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ തുടങ്ങുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഭക്ഷണത്തിനായി നിന്ന 12 പേരെ ഇസ്രയേല്‍ സൈന്യം വെടിവച്ച് കൊന്നു. ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ മാത്രം രണ്ടായിരം പേരാണ് ഇതോടകം വെടിയേറ്റുമരിച്ചത്.
ഗാസ സിറ്റി ഉള്‍പ്പെടെ പലസ്തീന്റെ അഞ്ചിലൊന്ന് ഭാഗവും കടുത്ത ക്ഷാമത്തിലായിരിക്കുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗത്തേക്ക് കടുത്ത ക്ഷാമം വ്യാപിക്കുമെന്ന സാഹചര്യമാണ്.
ഗാസ സിറ്റിയുടെ വടക്കേ അറ്റത്തെ നഗരമായ എബാദ് അല്‍റഹ്മാനിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ പ്രവേശിക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഹമാസിന്റെ അവസാന കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഗാസ സിറ്റിയില്‍ അതിശക്തമായ ആക്രമണം നാളെ ആരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഗാസ മുനമ്പിലെ 20 ലക്ഷം വരുന്ന ജനങ്ങളില്‍ പകുതിപ്പേരും താമസിക്കുന്നത് ഗാസ സിറ്റിയിലാണ്. എന്നാല്‍ ഇവരോട് ഗാസ സിറ്റി വിട്ട് പോകാനാണ് ഇസ്രയേല്‍ നിര്‍ദ്ദേശിക്കുന്നത്.
ഗാസയുടെ വിവിധ പ്രദേശങ്ങളില്‍ പട്ടിണിമൂലം ഇന്നലെ 10 പേര്‍ കൂടി മരിച്ചു. ഇതോടെ പട്ടിണിമരണം 119 കുട്ടികളടക്കം 313 ആയി വര്‍ധിച്ചു. ഒരു മാസത്തിനുള്ളില്‍ മൂവായിരം പേര്‍ ഇവിടെ പട്ടിണി കിടന്നു മരിക്കുന്ന സാഹചര്യമാണ്. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കനത്ത യുദ്ധത്തില്‍ മരണനിരക്ക് അറുപത്തി മൂവായിരത്തിലേക്കു കടക്കുകയാണ്. ഹമാസ് പൂര്‍ണമായി കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതു വരെ അതിശക്തമായ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസ പൂര്‍ണമായി പിടിച്ചെടുക്കുമ്പോള്‍ യുദ്ധാനന്തര ഗാസയിലെ നടപടികള്‍ സംബന്ധിച്ച് അമേരിക്കയും ഇസ്രായേലും തമ്മില്‍ ആലോചനകള്‍ ആരംഭിച്ചിരിക്കുകയാണ്. വാഷിംഗ്ടനിലുള്ള ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രത്യേക കൂടിക്കാഴ്ച നടത്തിവരികയാണ്.
ഗാസയില്‍ ഘോരയുദ്ധം നടത്തുന്നതിനൊപ്പം ഹമാസിന് ആയുധങ്ങള്‍ നല്‍കുന്നുവെന്നതിനാല്‍ സിറിയയ്ക്കു നേരെയും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഡ്രോണ്‍ ആക്രണമത്തില്‍ എട്ടു സിറിയന്‍ സൈനികര്‍ ഇന്നലെ കൊല്ലപ്പെട്ടു. ഗാസയില്‍ പട്ടിണി യാഥാര്‍ഥ്യമാണെന്നും മാനവികതയെ വെല്ലുവിളിച്ച്, ബോധപൂര്‍വമെടുത്ത തീരുമാനങ്ങളാണ് ദുരന്തത്തിന് കാരണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. മുനമ്പിലേത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന സംയോജിത ഭക്ഷ്യസുരക്ഷാ റിപ്പോര്‍ട്ടിനെ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു.
ഗാസയിലെ അല്‍ നാസര്‍ ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ ഇന്നലെ ഇസ്രായേല്‍ തകര്‍ത്തു. ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ഹമാസ് ക്യാമറ സ്ഥാപിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ കാബിനറ്റ് യോഗം ചേര്‍ന്നു. ഗാസയില്‍ അടുത്ത ഘട്ടത്തിലെ നടപടി സംബന്ധിച്ച് തീരുമാനിക്കാനാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാസയിലെ അല്‍ നാസര്‍ ആശുപത്രി ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതില്‍ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയരുകയാണ്. ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച ശേഷം 189 പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രികാല ബോംബിങ് ഗാസ സിറ്റിയില്‍ ശക്തമാക്കിയതോടെ കൂടുതല്‍ പലസ്തീന്‍ കുടുംബങ്ങള്‍ പലായനം തുടങ്ങി.
https://www.facebook.com/Malayalivartha