അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ പൊലിഞ്ഞത് എണ്ണൂറിലധികം പേര്‍.... രണ്ടായിരത്തിലധികം പേര്‍ക്ക് പരുക്ക്, നിരവധി ഗ്രാമങ്ങള്‍ തകര്‍ന്നടിഞ്ഞു

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളെ വിറപ്പിച്ച ഭൂകമ്പത്തില്‍ 812 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2,830 പേര്‍ക്ക് പരിക്കേറ്റു. നിരവധി ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞനിലയിലാണ്. മരണ സംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കും. ഇന്ത്യന്‍ സമയം, ഇന്നലെ പുലര്‍ച്ചെ 12.47നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 800ഓളം മരണം സ്ഥിരീകരിച്ചത് കുനാര്‍ പ്രവിശ്യയില്‍ മാത്രമാണ്.
കാബൂള്‍ മുതല്‍ പാകിസ്ഥാനിലെ ഇസ്ലാമബാദ്, ലാഹോര്‍ തുടങ്ങിയ നഗരങ്ങള്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു. നംഗര്‍ഹാറിലെ ലോവര്‍ കുനാര്‍ ജില്ലയില്‍ ഭൂമിക്കടിയില്‍ 8 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയുടെ അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ പടിഞ്ഞാറായാണ് ദുരന്തമേഖലയുള്ളത്
ജനങ്ങള്‍ വീടുകളില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂകമ്പം അനുഭവപ്പെട്ടത്. പലരും പുറത്തേക്കോടി രക്ഷപെടും മുന്നേ കെട്ടിടങ്ങള്‍ നിലംപതിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചനകളുള്ളത്.
വിദൂര പര്‍വത പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. 13 തുടര്‍ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലാഗ്മാന്‍, നൂറിസ്ഥാന്‍, പഞ്ച്ഷിര്‍ പ്രവിശ്യകളിലും നാശനഷ്ടങ്ങളുണ്ടായി.മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഇല്ലാത്തതിനാല്‍ പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം മറ്റ് നഗരങ്ങളിലെ ആശുപത്രികളിലേക്കെത്തിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യകളുമില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha