ഗാസ സിറ്റിയിൽ വാഹനബോംബ് പൊട്ടിത്തെറിച്ചു, വീടുകൾ നിലംപൊത്തി; പട്ടിണിയിലും ആക്രമണങ്ങളിലും കുട്ടികൾ ഉൾപ്പെടെ നൂറിലധികം മരണം...

ഗാസ സിറ്റിയുടെ ഉൾപ്രദേശങ്ങളിലേക്കു നീങ്ങിയ ഇസ്രയേൽ സൈന്യം വാഹനബോംബ് സ്ഫോടനം നടത്തി വീടുകൾ തകർക്കാൻ തുടങ്ങി. പലസ്തീൻകാർ തിങ്ങിപ്പാർക്കുന്ന ഓൾഡ് റസ്വാൻ മേഖലയിൽ പഴയ കവചിതവാഹനങ്ങളിൽ സ്ഫോടനവസ്തുക്കൾ നിറച്ചശേഷം വിദൂരനിയന്ത്രിത സ്ഫോടനങ്ങൾ നടത്തുകയായിരുന്നു. ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട് വിമാനത്തിൽ നിന്നു ലഘുലേഖകളും വിതറി. ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 98 പലസ്തീൻകാർ കൊല്ലപ്പെട്ടു. പട്ടിണിമൂലം 3 കുട്ടികളടക്കം 9 പേർ മരിച്ചു. ഇതോടെ പട്ടിണിമരണം 127 കുട്ടികളടക്കം 348 ആയി ഉയർന്നു. ഗാസ സിറ്റി മേഖലയിൽ ഹമാസുമായി നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
ഒട്ടേറെ ഹമാസ് താവളങ്ങൾ തകർത്തെന്നും അവകാശപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തുന്നതു വംശഹത്യയാണെന്ന പ്രമേയവുമായി ഇന്റർനാഷനൽ അസോസിയേഷൻ ജെനൊസൈഡ് സ്കോളേഴ്സ് രംഗത്തെത്തി. വംശഹത്യാപഠനത്തിൽ വിദഗ്ധരായ 500 പണ്ഡിതരുടെ സംഘടനയാണിത്. ചെങ്കടലിൽ സൗദി അറേബ്യയുടെ യെൻബു തുറമുഖത്തിനു സമീപം ഇസ്രയേൽ ഉടമസ്ഥതയിലുള്ള കെമിക്കൽ ടാങ്കർ ‘സ്കാർലറ്റ് റേ’യ്ക്കുനേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ പറഞ്ഞു. കപ്പലിനു കേടുപാടില്ലെന്നാണ് റിപ്പോർട്ട്.
ഇതിനിടെ ഇസ്രയേൽ പ്രതിരോധത്തെ മറികടന്ന് ഗാസയിലേക്ക് സഹായമെത്തിക്കാൻ വീണ്ടും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗും സംഘവും. ഗാസയ്ക്കുള്ള സഹായഹസ്തവുമായി 20 ബോട്ടുകളാണ് ബാർസിലോനയിൽനിന്ന് ഗാസാ മുനമ്പിലേക്ക് ഞായറാഴ്ച പുറപ്പെട്ടത്. ഗ്രേറ്റയ്ക്ക് പുറമെ ചരിത്രകാരൻ ക്ലിയോനികി അലക്‌സോപൗലോ, മനുഷ്യാവകാശ പ്രവർത്തകൻ യാസ്മിൻ അസർ, പരിസ്ഥിതി പ്രവർത്തകൻ തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസർ, ശാസ്ത്രജ്ഞൻ കാരൻ മൊയ്‌നിഹാൻ തുടങ്ങി പല മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില്ല ബോട്ടിൽ ഗാസയിലേക്ക് പോകുന്നത്.
ഗാസയിലെ ജനങ്ങൾക്കായി ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ അടങ്ങിയ കിറ്റുകളാണ് 20 ബോട്ടുകളിലായി സജ്ജമാക്കിയിട്ടുള്ളത്. ഇസ്രായേൽ ആക്രമണത്തിൽ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
https://www.facebook.com/Malayalivartha