ടിക് ടോക് താരത്തെയും കുടുംബത്തെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

മെക്‌സിക്കോയില്‍ ടിക് ടോക് താരത്തെയും കുടുംബത്തെയും കൊലപ്പെടുത്തി വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ടിക് ടോക് ഇന്‍ഫഌവന്‍സറായ എസ്‌മെരാള്‍ഡ ഫെറെര്‍ ഗാരിബേ (32), ഭര്‍ത്താവ് റോബര്‍ട്ടോ കാര്‍ലോസ് ഗില്‍ ലിസേ (36), ഇവരുടെ മകന്‍ ഗയേല്‍ സാന്റിയാഗോ (13), മകള്‍ റെജിന(7) എന്നിവരാണ് കൊല്ലപ്പെട്ടത്. സാന്‍ ആന്‍ഡ്രിയാസ് മേഖലയില്‍ ഒരു പിക്ക്അപ്പ് ട്രക്കില്‍, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കുറ്റവാളിസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവുമായി സംഭവത്തിന് ബന്ധമുണ്ടാകാമെന്നാണ് പോലീസ് വിലയിരുത്തല്‍. ഓഗസ്റ്റ് മാസം അവസാന ആഴ്ചയായിരുന്നു സംഭവം.
സിസിടിവി പരിശോധനയില്‍ സമീപത്തെ ഒരു വാഹന അറ്റകുറ്റപ്പണികേന്ദ്രത്തില്‍ രക്തക്കറകളും മറ്റും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. എസ്‌മെരാള്‍ഡയെയും കുടുംബത്തെയും ഈ വാഹന അറ്റകുറ്റപ്പണികേന്ദ്രത്തില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ മറ്റൊരിടത്തു കൊണ്ടുവന്ന് വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് അനുമാനം. ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ വരാനുണ്ടെങ്കിലും ആയുധങ്ങളുടെയും രക്തത്തിന്റെയും മറ്റും സാന്നിധ്യം കുടുബത്തെ വാഹന അറ്റകുറ്റപ്പണികേന്ദ്രത്തില്‍വെച്ച് കൊലപ്പെടുത്തിയിരിക്കാം എന്നതിനെ സാധൂകരിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വാഹന അറകുറ്റപ്പണികേന്ദ്രത്തിലെ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു.
മെക്‌സിക്കോയിലെ അറിയപ്പെടുന്ന ടിക്ടോക് ഇന്‍ഫ്‌ലുവന്‍സറാണ് എസ്‌മെരാള്‍ഡ. ആഡംബര ജീവിതശൈലിയുമായി ബന്ധപ്പെട്ട സംഗതികളും വീഡിയോകളുമാണ് ഇവര്‍ പങ്കുവെച്ചിരുന്നത്. ഡിയോര്‍, ഗൂച്ചി, ലൂയി വിറ്റണ്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെയും, ആഡംബര കാറുകള്‍, കോസ്‌മെറ്റിക് സര്‍ജറികള്‍, ചെലവേറിയ അവധിക്കാല യാത്രകള്‍ തുടങ്ങിയവയുടെയും വീഡിയോകള്‍ ഇവര്‍ പങ്കുവെച്ചിരുന്നു. മാത്രമല്ല, മയക്കുമരുന്നുസംഘങ്ങളെ മഹത്വവത്കരിക്കുന്ന മെക്‌സിക്കന്‍ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്യുന്ന വീഡിയോകളും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha