അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം

അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂകമ്പം. ഞായറാഴ്ച ഭൂചലനമുണ്ടായ അതേ മേഖലയിലാണ് അല്‍പംമുന്‍പ് തുടര്‍ ഭൂചലനം ഉണ്ടായത്. 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഞായറാഴ്ച നടന്ന ഭൂകമ്പത്തിന്റെ തീവ്രത ആറ് ആയിരുന്നു. പുതിയ ഭൂചലനത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. തിങ്കളാഴ്ചയും 4.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനം നടന്നിരുന്നു.
അതേസമയം,അഫ്ഗാന്‍ ഭൂചലനത്തില്‍ മരണം 1,400 ആയി ഉയര്‍ന്നുവെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു. കുനാര്‍ പ്രവിശ്യയില്‍ മാത്രം ആയിരക്കണക്കിന് പേര്‍ മരിക്കുകയും 3,124 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദിന്റെ പ്രസ്താവന വ്യക്തമാക്കി. ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ നംഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലായില്‍ നാശനഷ്ടങ്ങളുണ്ടായി.
കുനാറിലാണ് കൂടുതല്‍ നാശം. ഭൂകമ്പത്തിന് പിന്നാലെ മണ്ണിടിച്ചിലുണ്ടായതോടെ കുനാറിലെ പ്രധാന റോഡുകളിലെ ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. 5,000ലധികം വീടുകള്‍ തകര്‍ന്നു.
അഫ്ഗാനിസ്ഥാനില്‍ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഭൂകമ്പമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ദുരിതബാധിതര്‍ക്ക് വിദേശ സഹായം അഭ്യര്‍ത്ഥിച്ച് താലിബാന്‍ ഭരണകൂടം രംഗത്തെത്തി. 2021ല്‍ താലിബാന്‍ അധികാരമേറ്റ ശേഷം അഫ്ഗാനിലുണ്ടായ ഏറ്റവും ശക്തമായ മൂന്നാമത്തെ ഭൂകമ്പമാണിത്. 2022ല്‍ ഖോസ്ത്, പക്തികകളിലുണ്ടായ ഭൂകമ്പത്തില്‍ 1,160 പേരും 2023ല്‍ ഹെറാത്ത് പ്രവിശ്യയെ വിറപ്പിച്ച ഭൂകമ്പത്തില്‍ 1,480ലേറെ പേരും കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയില്‍ തീവ്രത അഞ്ചില്‍ കൂടിയ നാല് ഭൂചലനങ്ങള്‍ ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ രാജ്യത്തുണ്ടായി.
https://www.facebook.com/Malayalivartha