എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും. നഗരത്തില്‍ നരകതുല്യമായ ജീവിതം സഹിക്കുന്ന എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യം അന്ത്യശാസനം നല്‍കിയിരിക്കുന്നു. ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രയേലിന്റെ സൈനിക നടപടി തടയായാന്‍ ഹമാസിന്റെ കൈവശമുള്ള ബന്ദികളെ രഹസ്യ അറയില്‍ നിന്നും വീടുകളിലേക്കും ടെന്റുകളിലേക്കും മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഹമാസ് പുറത്തുവിട്ട ഒരു വീഡിയോയില്‍ ബന്ദിയായ തന്റെ മകന്‍ ഗില്‍ബോവ ദലാല്‍ ഒരു കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നതായി അവന്റെ അമ്മ വെളിപ്പെടുത്തി. ബന്ദികളെ എവിടേക്കാണ് ഹമാസ് ഭീകരര്‍ കടത്തുന്നന്നെറിയാന്‍ ഇസ്രായേല്‍ കാത്തിരിക്കുകയാണ്.
ഇസ്രായേലിന്റെ അവസാനവട്ട ആക്രമണത്തിന് മുന്നോടിയായി മൂന്ന് ലക്ഷത്തിലധികം പലസ്തീനികള്‍ ഗാസ സിറ്റിയില്‍നിന്ന് ഗാസ മുനമ്പിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ സേന വെളിപ്പെടുത്തുന്നു. ഇന്നലെ രാത്രി മാത്രം ഇരുപതിനായിരം പലസ്തീനികള്‍ ഗാസ സിറ്റി വിട്ടതായാണ് സൂചന. രണ്ടു വര്‍ഷം മുന്‍പ് 12 ലക്ഷത്തിലധികം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ മാത്രം താമസിച്ചിരുന്നതായാണ് കണക്ക്. ആക്രമണത്തിന് മുന്നോടിയായി ഗാസ സിറ്റിയിലുള്ള എല്ലാവരും അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞയാഴ്ച ഐഡിഎഫ് ഉത്തരവിട്ടിരുന്നു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്ത് ഇസ്രയേല്‍ നിശ്ചയിച്ച മേഖലയിലേക്ക് പോകാനാണ് ഇസ്രായേല്‍ സൈന്യം ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതേ സമയം തന്നെ ഹമാസ് നേതാക്കളെ തെരഞ്ഞെടുപിടിച്ച് കൊല ചെയ്യാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സൈന്യം. ഹിസ്ബുള്ള ഭീകരസംഘടനയ്ക്കുവേണ്ടി ആയുധങ്ങള്‍ നിര്‍മ്മിച്ചുവന്നിരുന്ന ഹമാസ് ഭീകരനെ കഴിഞ്ഞ രാത്രി തെക്കന്‍ ലെബനനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി.
പലസ്തീനികളെ ഗാസ സിറ്റിയില്‍ നിന്ന് പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന് ദോഹയില്‍ ചേര്‍ന്ന അറബ്, മുസ്‌ലിം രാജ്യങ്ങളുടെ നേതൃയോഗം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് ഇന്നലെ അര്‍ധരാത്രി മുതല്‍തന്നെ ഗാസ സിറ്റിയില്‍ കൂടുതല്‍ ശക്തമായ ആക്രമണം ഇസ്രായേല്‍ ആരംഭിച്ചിരിക്കുകയാണ്. ഗാസയെ ഒഴിപ്പിക്കാനുള്ള ആവസാനത്തെ യുദ്ധമാണിതെന്നും ആരൊക്കെ തയാനെത്തിയാലും ലക്ഷ്യം കൈവരിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പു നല്‍കി. കഴിഞ്ഞയാഴ്ച ഖത്തറില്‍ നടന്ന ആക്രമണത്തിന് ശേഷം ഹമാസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞിരുന്നില്ല. അവര്‍ എവിടെയാണെങ്കിലും അവര്‍ക്ക് പ്രതിരോധമുണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞിരുന്നു.
ഇന്നലെ മാത്രം 51 പേരെയാണ് ഇസ്രായേല്‍ ഗാസയില്‍ കൊലപ്പെടുത്തിയത്. ഇതില്‍ ആറു വയസു മാത്രം പ്രായമുള്ള ഇരട്ടകളും ഉള്‍പ്പെടും. ഗാസ സിറ്റിയടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഏറ്റവും ഉയരം കൂടിയ അല്‍ ഗാഫിരി ബഹുനില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഭാഗത്തേക്ക് പതിനായിരങ്ങളാണ് സുരക്ഷതേടി പ്രയാണം തുടരുന്നത്.യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസ സിറ്റിയില്‍ ശേഷിക്കുന്ന ബഹുനിലക്കെട്ടിടങ്ങള്‍ പൂര്‍ണമായി ബോംബിട്ടു നിരത്താനാണ് ഇസ്രയേസിന്റെ തീരുമാനം. ഈ കെട്ടിടങ്ങളില്‍ ഹമാസ് ഭീകരരും വന്‍ ആയുധശേഖരവുമുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ജറുസലമിലെത്തി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. ഇസ്രയേലിനുള്ള അമേരിക്കയുടെ ഉറച്ച പിന്തുണ ആവര്‍ത്തിച്ച റൂബിയോ, സമാധാനത്തിനുള്ള ഏകവഴി ഹമാസിനെ ഉന്മൂലനം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. ഗാസ സിറ്റിയുടെ നാലു കിഴക്കന്‍ പട്ടണങ്ങളാണ് ഇസ്രായേല്‍ ടാങ്കുകള്‍ വളഞ്ഞിരിക്കുന്നത്. ഇതില്‍ മൂന്നിടങ്ങളും പൂര്‍ണമായും ഇടിച്ചുനിരത്തിക്കഴിഞ്ഞു. 16 ബഹുനിലക്കെട്ടിടങ്ങളാണ് ഇന്നലെ മാത്രം തകര്‍ത്തത്. പടിഞ്ഞാറു നഗരമധ്യത്തിലേക്കാണു നിലവില്‍ സൈന്യം നീങ്ങുന്നത്. ഓഗസ്റ്റിനുശേഷം മൂന്നരലക്ഷം പലസ്തീന്‍കാര്‍ ഇവിടെനിന്ന് ഒഴിഞ്ഞുപോയെന്നാണു കണക്ക്. ഗാസയില്‍ ഇതുവരെ 65,000 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂറിനുള്ളില്‍ പട്ടിണി മൂലം മൂന്നു പേര്‍ മരിച്ചതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയില്‍ ഇതോടകം പട്ടിണിമൂലം മരിച്ചത് 125 കുട്ടികള്‍ ഉള്‍പ്പെടെ 425 പേരാണ്.സമൂഹമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ഇസ്രയേലിന് അനുകൂലമായ വികാരമുണ്ടാക്കാനുള്ള സ്വാധീനപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. രാജ്യാന്തരതലത്തില്‍ ഇസ്രയേലിനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതു നേരിടാനാണിത്. സമൂഹമാധ്യമങ്ങളിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഭീമമായ നിക്ഷേപം നടത്തണമെന്നും ജറുസലമില്‍ ധനകാര്യമന്ത്രാലയ യോഗത്തില്‍ നെതന്യാഹു പറഞ്ഞു.
https://www.facebook.com/Malayalivartha