പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...

ഇസ്രായേലിൻ്റെ മാരകാക്രമണങ്ങൾ സിവിലിയന്മാരെ ലക്ഷ്യമാക്കി മുന്നേറുമ്പോൾ, കുഞ്ഞുങ്ങൾക്കുപോലും ജീവൻ നഷ്ടമാകുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ മാത്രം 43 പേരുടെ മരണം… മൊത്തത്തിൽ പട്ടിണിയും ബോംബാക്രമണവും ചേർന്ന് 441 ജീവനുകൾ ഇല്ലാതായി. വെസ്റ്റ് ബാങ്കിലും അതിക്രമം കൂടുതൽ രൂക്ഷമാകുന്നു. ഇതിനിടെ, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്ന ഫ്രാൻസിൻ്റെ പ്രഖ്യാപനം ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഗസ്സ സിറ്റിക്ക് നേരെയുള്ള ഇസ്രായേലിന്‍റെ നിരന്തര ആക്രമണം മൂലം ഇതിനകം 5 ലക്ഷം പേർ പലായനം ചെയ്തെന്ന് റിപ്പോർട്ട്. ഇപ്പോഴും ഗസ്സ സിറ്റിയിൽ ലക്ഷങ്ങളാണ് കഴിയുന്നത്.
വ്യാപക വ്യോമാക്രമണവും കരയുദ്ധവും മൂലം ഗസ്സ സിറ്റിയിൽ സിവിലിയൻ സുരക്ഷ പാടെ ഇല്ലാതായെന്ന് യുഎൻ ഏജൻസികൾ വ്യക്തമാക്കി. ഇന്നലെ 43 പേർ കൊല്ലപ്പെട്ടു. ഭക്ഷ്യസഹായം പൂർണമായും നിലച്ചതിനു പുറമെ ഇവിടെയുള്ള ആശുപത്രികളുടെ പ്രവർത്തനവും തടസപ്പെട്ടിരിക്കുകയാണ്. 24 മാസങ്ങൾക്കിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളാണ് ഇസ്രായേൽ ഗസ്സ സിറ്റിക്ക് നേരെ നടത്തുന്നത്. വ്യോമാക്രമണത്തിനു പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങളാണ് തകർക്കുന്നത്. ഒരു കുഞ്ഞ് കൂടി മരിച്ചതോടെ പട്ടിണിക്കൊലയിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 441 ആയി.
ഇതിനിടയിലും ഇസ്രായേലിനെ ആയുധമണിയിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് അമേരിക്ക. പുതുതായി 6 ബില്യൻ ഡോളറിന്‍റെ ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ ട്രംപ് ഭരണകൂടം യുഎസ് കോൺഗ്രസിന്‍റെ അനുമതി തേടിയതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ഇസ്രായേൽ സുരക്ഷാ വിഭാഗത്തിന്‍റെ അതിക്രമം തുടരുകയാണ്. നൂറിലേറെ പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ന്യൂയോർക്കിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി പിന്തുണക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി മുമ്പാകെ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ഇടപെടൽ വേണമെന്ന് ബ്രസീൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha