ജോർദാൻ–ഈജിപ്ത് അതിർത്തികൾ അടച്ചു; ഗാസയിൽ കര-വ്യോമാക്രമണം ശക്തം....

ഗാസയില്‍ കൂട്ടനിലവിളി റഫയില്‍ തീവെപ്പ് ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്. പശ്ചിമേഷ്യ ആളിക്കത്തുന്നു. ഈജിപ്തും ജോര്‍ദ്ദാനും അതിര്‍ത്തികള്‍ അടച്ചു. ഗാസയുടെ വടക്കും പടിഞ്ഞാറന്‍ മേഖലകളും എരിഞ്ഞടങ്ങുന്നു. ഗാസയില്‍ ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് മഹ്മൂദ് യൂസുഫ് അബു അല്‍ഖീറിനെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഹമാസ് സൈനിക ഇന്റലിജന്‍സ് ഉപമേധാവിയാണ്. ഗാസയില്‍ വന്‍ സൈനിക ശക്തി പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രായേല്‍. ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ നേരത്തേക്ക് തുറന്ന താല്‍ക്കാലിക രക്ഷാ പാത അടക്കുന്നതായും സൈന്യം അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിനും ജോര്‍ദാനുമിടയിലെ പാത ഇസ്രയേല്‍ അടച്ചു. കഴിഞ്ഞദിവസം ജോര്‍ദാനില്‍നിന്ന് സഹായവുമായെത്തിയ സംഘത്തിലെ ഒരു ട്രക്ക് ഡ്രൈവര്‍ നടത്തിയ വെടിവയ്പില്‍ 2 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണിത്. അതിര്‍ത്തിയില്‍ ജോര്‍ദാന്‍ നദിയിലെ അലന്‍ബി പാലവും അടച്ചു. ജോര്‍ദാന്‍-ഇസ്രയേല്‍ മുഖ്യവ്യാപാരപാതയാണിത്. വെസ്റ്റ്ബാങ്കില്‍ നിന്നുള്ള പലസ്തീന്‍കാരും ജോര്‍ദാന്‍ വഴിയാണ് പുറത്തുകടക്കുന്നത്. ഹമാസ് ഭീകരര്‍ ജോര്‍ദ്ദാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. എങ്കില്‍ ജോര്‍ദ്ദാനും ഇസ്രയേല്‍ ആക്രമിക്കും. ഇതിന് തടയിട്ട് കൂടുതല്‍ അതിര്‍ത്തികള്‍ അടച്ച് ജോര്‍ദ്ദാനും സുരക്ഷ ശക്തമാക്കി. ജോര്‍ദ്ദാന്‍ അഥിര്‍ത്തിയില്‍ നടക്കുന്ന വെടിവെപ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമോ ഇരുവരും നേര്‍ക്കുനേര്‍ പോരിലേക്ക് വഴിവെക്കുമോയെന്ന് ആശങ്കപടരുന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ജോര്‍ദ്ദാന്‍ കടുത്ത അതൃപ്തിയിലാണ്.
1994ല്‍ ഇസ്രായേല്‍ജോര്‍ദാന്‍ സമാധാന ഉടമ്പടിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നത്. ഇത് 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതുമുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധാവസ്ഥ ഔദ്യോഗികമായി അവസാനിപ്പിക്കുകയും നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്തു. 1994 ജൂലൈ 25ന് വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് യിത്സാക്ക് റാബിന്‍ , ഹുസൈന്‍ രാജാവ് , ബില്‍ ക്ലിന്റണ്‍ എന്നിവര്‍ അതില്‍ ഒപ്പുവച്ചു. 1994 ഒക്ടോബര്‍ 26ന് ജോര്‍ദാനും ഇസ്രായേലും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു, അത് അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുകയും ജലവിഹിതം ഉള്‍പ്പെടെയുള്ള പ്രദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്തു.
ഈ ഉടമ്പടി ഭൂമി, ജല തര്‍ക്കങ്ങള്‍ ക്രമീകരിക്കുകയും വിനോദസഞ്ചാരത്തിലും വ്യാപാരത്തിലും വിശാലമായ സഹകരണം സാധ്യമാക്കുകയും ചെയ്തു. 2020 ഒക്ടോബര്‍ 8ന്, ഇസ്രായേലും ജോര്‍ദാനും പരസ്പരം വ്യോമാതിര്‍ത്തി കടക്കാന്‍ വിമാനങ്ങളെ അനുവദിക്കുന്ന ഒരു കരാറില്‍ ഒപ്പുവച്ചു. മൂന്നാമതൊരു രാജ്യത്തിന്റെ സൈനിക ആക്രമണങ്ങള്‍ക്ക് തങ്ങളുടെ പ്രദേശം ഒരു വേദിയാകാന്‍ ജോര്‍ദാനോ ഇസ്രായേലോ അനുവദിക്കില്ലെന്ന പ്രതിജ്ഞയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇസ്രായേലും പലസ്തീനിയും തമ്മില്‍ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളുമായി ഈ ഉടമ്പടി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഗാസ വിഷയത്തില്‍ ഈ ഉടമ്പടിയുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തിയിരിക്കുന്നതെന്ന വിമര്‍ശനം ഉയരുന്നു. 2024 ഏപ്രിലില്‍ ഇസ്രായേലില്‍ നടന്ന ആക്രമണങ്ങളില്‍ ഇറാനിയന്‍ ഡ്രോണുകള്‍ തടയാന്‍ ജോര്‍ദാന്‍ സഹായിച്ചു. ഇറാന്‍ ഇസ്രയേല്‍ വിഷയം വരുമ്പോള്‍ ഇസ്രയേല്‍ പക്ഷത്താണ് ജോര്‍ദ്ദാന്‍ നിലയുറപ്പിക്കാറ്. എന്നാല്‍ പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേല്‍ നടപടിയെ ജോര്‍ദ്ദാന്‍ വിമര്‍ശിക്കുന്നു. ഇടയ്ക്കിടെ ഇരു രാജ്യങ്ങളും തമ്മില്‍ പല വിഷയങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാറുണ്ട്.
ഗാസ വിഷയത്തില്‍ ചില ശക്തമായ നിലപാടുകള്‍ ജോര്‍ദ്ദാന്‍ എടുത്തത് ഇസ്രയേലിനെ അമര്‍ഷത്തിലാക്കിയിരുന്നു. ഗാസ മുനമ്പിലെ ഇസ്രായേല്‍ ഉപരോധത്തെയും ഗാസയിലെ പലസ്തീനികളെ 'കൂട്ടായി ശിക്ഷിക്കുന്നതിനെയും' അബ്ദുള്ള രാജാവ് അപലപിച്ചു. നവംബര്‍ 1 ന്, ജോര്‍ദാന്‍ ഇസ്രായേലിലേക്കുള്ള തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു, രാജ്യം 'അഭൂതപൂര്‍വമായ മാനുഷിക ദുരന്തം' സൃഷ്ടിച്ചുവെന്നും 'ഗാസയില്‍ നിരപരാധികളെ കൊന്നൊടുക്കി' എന്നും ആരോപിച്ചു. ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് അമ്മാന്‍ വിട്ട ഇസ്രായേല്‍ അംബാസഡറെ തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും ജോര്‍ദാന്‍ പ്രഖ്യാപിച്ചു. മാത്രമല്ല ജോര്‍ദ്ദാന്‍ രാജ്ഞി റാനിയ ഇസ്രയേലിനെതിരെ പലതവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഗാസയില്‍ നടക്കുന്നത് വംശീയ ഉന്മൂലമാണെന്ന് അവര്‍ വിമര്‍ശിച്ചിട്ടുണ്ട്. റാനിയ അല്‍ അബ്ദുള്ള ജോര്‍ദാന്‍ ഭരണാധികാരിയായ അബ്ദുള്ളാ ബിന്‍ അല്‍ ഹസൈന്‍ രാജാവിന്റെ ഭാര്യയാണ്. ഇവരുടെ വേരുകള്‍ പലസ്തീനിലാണ്. മാതാപിതാക്കള്‍ പലസ്തീനികളാണ്. ഗാസയിലെ ഇസ്രായേലിന്റെ നടപടിയെ രാജാവും റാനിയയും വിമര്‍ശിക്കുകയും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. യുഎസിലെ സിഎന്‍എന്നില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍ പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ അപലപിക്കാന്‍ പാശ്ചാത്യ നേതാക്കളോട് ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തിന്റെ ഫലമായി ജോര്‍ദാനിലേക്ക് അഭയാര്‍ത്ഥികളുടെ വന്‍ ഒഴുക്ക് ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. അതുകൊണ്ട് ജോര്‍ദ്ദാന്‍ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി.
ഈജിപ്തിലെ റഫയില്‍ അതിഘോര ആക്രമണം നടന്നു. ഗാസയില്‍ അവേശഷിക്കുന്ന ഹമാസ് ഭീകരര്‍ റഫ വഴി പുറത്ത് കടക്കാന്‍ നീക്കം തുടങ്ങിയെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അഠിസ്ഥാനത്തില്‍ റഫയിലെ പല മേഖലകളിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഈജിപ്തിന്റെ നെഞ്ചിടിച്ച് തുടങ്ങി. അതിര്‍ത്തി രാജ്യങ്ങള്‍ ഭീതിയിലേക്കാണ് വീണിരിക്കുന്നത്. യുദ്ധം ആളിക്കത്തിക്കാന്‍ അമേരിക്കയുടെ കൈവിട്ട കളി. ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ അനുമതി തേടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആറ് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്നതിനാണ് അനുമതി തേടിയത്. ഗസ്സയിലെ ആക്രമണങ്ങളുടെ പേരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ ഒറ്റപ്പെടുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. 3.8 ബില്യണ്‍ ഡോളറിന്റെ 30 അപ്പാച്ചേ ഹെലികോപ്ടറുകള്‍. 1.9 ബില്യണ്‍ ഡോളറിന്റെ വാഹനങ്ങള്‍ എന്നിവയെല്ലാം ഇസ്രായേലിന് യു.എസ് നലകും. ഇതിന് പുറമേ ഇസ്രായേല്‍ പ്രതിരോധസേനക്ക് 750 മില്യണ്‍ ഡോളറിന്റെ സഹായവും യു.എസ് നല്‍കും. ഗസ്സയില്‍ ആക്രമണം ഇസ്രായേല്‍ ശക്തമാക്കുന്നതിനിടെയാണ് കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയുള്ള യു.എസ് സഹായം. അതേസമയം, ആയുധ വില്‍പന സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ യു.എസ് പ്രതിരോധമന്ത്രാലയം തയാറായിട്ടില്ല. വാള്‍സ്ട്രീറ്റ് ജേണലാണ് ആയുധവില്‍പന സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹമാസിനെ ദുര്‍ബലപ്പെടുത്താന്‍ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും അവര്‍ ഇപ്പോഴും ചര്‍ച്ചകളില്‍ കീഴടങ്ങാനോ നിരായുധീകരണത്തിനോ സമ്മതിച്ചിട്ടില്ല. ഹമാസിന് മേല്‍ വിജയം നേടുക എന്നതില്‍ കുറഞ്ഞ് മറ്റൊരു ലക്ഷ്യവും ഇപ്പോള്‍ ഇസ്രയേലിന് മുന്നിലില്ല. കനത്ത നഷ്ടങ്ങള്‍ക്കിടയിലും, ഹമാസ് ഗറില്ലാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനോ ശാശ്വത സ്ഥിരത ഉറപ്പാക്കുന്നതിനോ ഉള്ള ഏതെങ്കിലും പദ്ധതിയേക്കാള്‍ ഹമാസിനെ തീര്‍ക്കുക എന്ന പദ്ധതിക്ക് തന്നെയാണ് ഇസ്രയേല്‍ പ്രാധാന്യം നല്‍കുന്നത്. ഹമാസ് യുദ്ധങ്ങളില്‍ നിന്ന് മാറി ഗറില്ലാ തന്ത്രമാണ് ഇപ്പോള്‍ പിന്തുടരുന്നത്. തങ്ങളുടെ അണികളില്‍ ഭൂരിഭാഗവും ഇസ്രായേലി നിയന്ത്രണത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്ക് അവര്‍ നീക്കി. അതിജീവനം തന്നെ ഒരു വിജയമാണെന്ന ഗ്രൂപ്പിന്റെ വീക്ഷണവുമായി ഇതിനെ നമുക്ക് പൊരുത്തപ്പെടുത്താം. മാര്‍ച്ച് 18 മുതല്‍, 2,100ലധികം ഹമാസ് ഭീകരരെ കൊന്നതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. ഹമാസും സഖ്യ കക്ഷികളും ചേര്‍ന്ന് അമ്പതോളം ഇസ്രയേല്‍ സൈനികരെ കൊന്നു എങ്കിലും അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗാസ സിറ്റിയിലും ഡയര്‍ അല്‍ബലാഹിലും രണ്ട് സജീവ ശക്തികേന്ദ്രങ്ങള്‍ ഹമാസ് ഇന്നും നിലനിര്‍ത്തുന്നു. ഹമാസിന്റെ അവസാനത്തെ മുതിര്‍ന്ന കമാന്‍ഡറായ ഇസ് അല്‍ദിന്‍ അല്‍ഹദ്ദാദിന്റെ നേതൃത്വത്തില്‍ തുടരുന്ന ഈ നഗരപ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍, ടാങ്ക് വിരുദ്ധ മിസൈലുകള്‍, സ്‌നൈപ്പര്‍ ഫയര്‍ എന്നിവ വിന്യസിക്കുന്ന ചെറുതും എന്നാല്‍ നന്നായി സജ്ജീകരിച്ചതുമായ ഗറില്ലാ സെല്ലുകളെ നേരിടാന്‍ ഇസ്രായേലിന് നിഷ്പ്രയാസം കഴിയുന്നു. 2007 മുതല്‍ ഗാസയില്‍ ഹമാസ് തന്നെയാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ നിയമിച്ച ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇവരുടെ ഓഫീസ് കെട്ടിടങ്ങളും ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഇപ്പോള്‍ ഗാസയിലെ സാധാരണക്കാര്‍ക്കായി കൊണ്ടു വരുന്ന അവശ്യ വസ്തുക്കള്‍ തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വിറ്റാണ് ഹമാസ് പണം സമ്പാദിക്കുന്നത്.
ആറു ലക്ഷത്തോളം പലസ്തീന്‍കാരാണ് ഗാസ സിറ്റിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനകം മൂന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ നേരത്തേക്ക് തുറന്ന താല്‍ക്കാലിക രക്ഷാ പാത അടക്കുന്നതായും സൈന്യം അറിയിച്ചു. തെക്കന്‍ ഗസ്സയിലേക്കുള്ള ഏക പാതയായ അല്‍ റാഷിദ് റോഡ് ഉപയോഗിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങളും ടാങ്കുകളും ഒരുമിച്ചാണ് ഗസ്സ സിറ്റിയില്‍ ആക്രമണം നടത്തുന്നത്. 72 മണിക്കൂറിനിടെ 60,000 പേര്‍ നഗരം വിട്ടതായി യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനിടെ, ഇസ്രയേല്‍ അതിര്‍ത്തിയില്‍ നൂറുകണക്കിന് ഇസ്രയേല്‍ പൗരന്മാര്‍ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ടു പ്രകടനം നടത്തി.
അതേസമയം, പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഒരുസംഘം ഡെമോക്രാറ്റ് അംഗങ്ങള്‍ യുഎസ് സെനറ്റില്‍ അവതരിപ്പിച്ചു. ഇതാദ്യമാണ് യുഎസ് സെനറ്റില്‍ പലസ്തീന്‍ അനുകൂല പ്രമേയം. ഡെമോക്രാറ്റ് പക്ഷത്തുള്ള സ്വതന്ത്ര സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് കഴിഞ്ഞദിവസം ഗാസയിലേത് വംശഹത്യയാണെന്നു പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഒരു യുഎസ് സെനറ്റര്‍ ഇസ്രയേലിനെതിരെ വംശഹത്യ ആരോപണം ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha