ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അനുമതി ലഭിക്കാത്തതിനാല്‍ ഇരുട്ടില്‍ കുഴങ്ങി പൈലറ്റ്

വിമാനത്താവളത്തിനുമുകളില്‍ വിമാനം എത്തിയിട്ടും റേഡിയോ കോളുകളോട് കണ്‍ട്രോള്‍ ടവര്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു. ഏയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനാകാതെ ആകാശത്ത് വട്ടമിട്ട് പറന്നത് എയര്‍ കോര്‍സിക്ക വിമാനം. ചൊവ്വാഴ്ച പാരീസില്‍ നിന്ന് നെപ്പോളിയന്‍ ബോണപാര്‍ട്ട് വിമാനത്താവളത്തിലെത്തിയ എയര്‍ കോര്‍സിക്ക എയര്‍ബസ് എ320 വിമാനമാണ് ലാന്‍ഡ് ചെയ്യാനാകാതെ പ്രതിസന്ധിയിലായത്. ഫ്രാന്‍സിലെ കോര്‍സിക്ക ദ്വീപിലായിരുന്നു സംഭവം.
ഇരുട്ടില്‍ 2,400 മീറ്റര്‍ റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയാത്തതിനാല്‍ പൈലറ്റ് വിമാനം ദ്വീപിന്റെ മറുവശത്തുള്ള ബാസ്റ്റിയ എന്ന നഗരത്തിന് മുകളിലേക്ക് തിരിച്ചുവിടുകയും അവിടെ തന്നെ വട്ടമിട്ട് സഞ്ചരിക്കുകയുമായിരുന്നു. തുടര്‍ന്ന് പൈലറ്റ് വിവരമറിയിച്ചതോടെ അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.
ഗ്രൗണ്ട് സ്റ്റാഫ് കണ്‍ട്രോള്‍ ടവറിലെ ജീവനക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ നടപടികള്‍ കാരണം വൈകിയെന്നാണ് വിവരം. ഒടുവില്‍ ടവറില്‍ എത്തിയപ്പോള്‍ കണ്ടത് കണ്‍ട്രോളര്‍ മേശപ്പുറത്ത് തലവച്ച് ഉറങ്ങുന്നതാണ്. ജീവനക്കാര്‍ കണ്‍ട്രോളറെ ഉണര്‍ത്തുകയും റണ്‍വേ ലൈറ്റുകള്‍ ഓണ്‍ ചെയ്ത് വിമാനത്തെ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ പൈലറ്റ് പ്രതികരിക്കുകയുണ്ടായി, തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പരിഭ്രാന്തി ഉണ്ടായിരുന്നില്ല. യാത്രക്കാരും ശാന്തരായിരുന്നു. യാത്രക്കാര്‍ സംഭവത്തെ തമാശയായിട്ടാണ് കണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, എയര്‍ ട്രാഫിക് കണ്‍ട്രോളറെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha
























