പലസ്തീൻ അംഗീകാരത്തിന് പിന്നാലെ 40 ബന്ദികളെ വധിക്കുമെന്ന് ഹമാസിന്റെ ഭീഷണി; ഗാസയെ ചാരക്കൂനയാക്കുമെന്ന് നെതന്യാഹു...

പലസ്തീന് രാഷ്ട്രത്തിന് വിവിധ ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയതിനു പിന്നാലെ 40 ഇസ്രായേലി ബന്ദികളെ ഹമാസ് വധിക്കാനൊരുങ്ങുന്നു. രണ്ട് അമേരിക്കന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ 40 ബന്ദികളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടശേഷം ഇനി അവരെ മറന്നേക്കൂ എന്നാണ് ഹമാസ് കൊലവിളി നടത്തുന്നത്. അത്തരമൊരു നീക്കമുണ്ടായാല്‍ ഗാസ മുനമ്പ് എന്ന ഭൂപ്രദേശത്തെ ചാരക്കൂനയാക്കാന്‍ മണിക്കൂറുകളേ വേണ്ടിവരൂ എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അന്ത്യശാസനം.
ഗാസ സിറ്റിയില്‍ ശേഷിക്കുന്ന പാര്‍പ്പിടസമുച്ചയങ്ങളും ബോംബ് വച്ചു തകര്‍ക്കുന്നതു തുടരുന്ന ഇസ്രയേല്‍ സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളില്‍ 46 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അഭയാര്‍ഥിക്യാംപിലെ ബോംബാക്രമണത്തിലാണ് 19 സ്ത്രീകളടക്കം 40 പേര്‍ കൊല്ലപ്പെട്ടത്. നാലര ലക്ഷത്തോളം പലസ്തീന്‍കാര്‍ ഇതോടകം ഗാസ സിറ്റി വിട്ടുവെങ്കിലും ആറു ലക്ഷത്തിലേറെ പലസ്തീനികള്‍ മരണത്തെ മുന്നില്‍ കണ്ട് ഇപ്പോഴും യുദ്ധഭൂമിയില്‍ കഴയുകയാണ്.
പലസ്തീനെ ഏതൊക്കെ രാജ്യങ്ങള്‍ അംഗീകരിച്ചാലും പലസ്തീന്‍ എന്ന രാജ്യത്തെയും അതിനെ സംരക്ഷിക്കുന്ന ഹമാസ് എന്ന ഭീകരസംഘടനയെയും ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പലസ്തീനെ ബ്രിട്ടണും കാനഡയും ഓസ്‌ട്രേലിയയും അംഗീകരിച്ചതിനു പിന്നാലെ ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ ആക്രമണം ശക്തിമാക്കിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി 120 പേരെയാണ് ഇസ്രായേല്‍ സൈന്യം വകവരുത്തിയത്. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇസ്രായേല്‍ മുന്നറിയിപ്പു നല്‍കുക മാത്രമല്ല ഇസ്രായേലിന്റെ സാങ്കേതിക സഹായങ്ങള്‍ വെട്ടിച്ചുരുക്കുമെന്നും നെതന്യാഹു പറയുന്നു.
കൃഷിയിലും ആയുധനിര്‍മാണത്തിലും ഉള്‍പ്പെടെ ഈ രാജ്യങ്ങള്‍ക്ക് ഇസ്രായേല്‍ വിദഗ്ധരുടെ സേവനം എക്കാലത്തും ലഭിക്കുന്നുണ്ട്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ അതി ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷവും പലസ്തീനെ അംഗീകരിക്കുന്ന നേതാക്കള്‍ക്കായി ഒരു കൃത്യമായ സന്ദേശം നല്‍കുകയാണെന്നും പലസ്തീനെ അംഗീകരിച്ച നടപടി അങ്ങേയറ്റം മണ്ടത്തരമാണെന്നും നെതന്യാഹു പ്രഖ്യാപിച്ചതോടെ ഇനി എ്ന്തും സംഭവിക്കാമെന്ന് സാഹചര്യമാണ്.
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ എന്ന രാഷ്ട്രം ഇനിയൊരിക്കലും ഉണ്ടായിരിക്കില്ല. വര്‍ഷങ്ങളായി ആഭ്യന്തരമായും വിദേശത്തുനിന്നുമുള്ള വലിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആ ഭീകരരാഷ്ട്രത്തിന്റെ നിര്‍മ്മാണം ഇസ്രായേല്‍ തടഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു ന്യായീകരിക്കുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടണ്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. അടുത്ത ദിവസം ഫ്രാന്‍സുള്‍പ്പെടെ ഏതാനും പാശ്ചാത്യരാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഫ്രാന്‍സ് ലോകത്തിലെ ഏറ്റവും വലിയ ആയുധശക്തിയായി വളര്‍ന്നതിനു പിന്നില്‍ ഇസ്രായേലിന്റെ വലിയ സഹായം ഉണ്ടായിട്ടുണ്ട്. ഫ്രാന്‍സിന്റെ യുദ്ധ വിമാന നിര്‍മാണത്തിലെ പ്രധാന സാങ്കേതിക വിദ്യ ഏറെക്കാലമായി ഇസ്രായേലിന്റേതാണ്. യുദ്ധവിമാന വില്‍പനയാണ് ഫ്രാന്‍സിന്റെ പ്രധാന വരുമാനസ്രോതസുകളിലൊന്ന്.
നിലവില്‍ പലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളും തലസ്ഥാനവും സൈന്യവുമില്ല. വെസ്റ്റ് ബാങ്കും ഗാസയുമാണ് പലസ്തിന്റെ ഇപ്പോള്‍ കൈവശമുള്ള ഭാഗങ്ങള്‍. പലരാജ്യങ്ങളിലും നയതന്ത്രകാര്യാലയങ്ങളുണ്ടെന്നു മാത്രമല്ല പലസ്തീന്റെ ടീമുകള്‍ ഒളിമ്പിക്സുള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നുമുണ്ട്. പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷകപദവിയുണ്ടെങ്കിലും വോട്ടവകാശമില്ല.
തീവ്രവാദത്തിനും തീവ്രവാദികള്‍ക്കും സമ്മാനം കൊടുക്കേണ്ടതുണ്ടോ എന്നാണ് പലസ്തീന്‍ എന്ന പേരില്‍ ഒ രാഷ്ട്രം വേണമെന്ന് വാദിക്കുന്ന രാജ്യങ്ങളോട് നെതന്യാഹു ചോദിക്കുന്നത്. അതിന് തന്റെ ചങ്കില്‍ ജീവനുള്ളിടത്തോളം അനുവദിക്കില്ലെന്നാണ് നെതന്യാഹു ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്. ഇസ്രായേലിനെ യഹൂദര്‍ കടന്നുകയറി ഗാസയുടെ വലിയൊരു ഭാഗം ഭാവിയില്‍ ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റും എന്ന് തന്നെയാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയില്‍ നിന്നും മടങ്ങി വന്ന് കഴിഞ്ഞാല്‍ ഗാസയില്‍ കൂടുതല്‍ മറുപടി നല്‍കുമെന്നാണ് നെതന്യാഹു പറയുന്നത്. ഗാസ പിടിച്ചെടുക്കാന്‍ അമേരിക്ക ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും. ഇതിനു മുന്നോടിയായാണ് കഴിഞ്ഞ നാല് ദിവസത്തില്‍ ആറ് ഇസ്ലാമിക രാഷ്ട്രങ്ങളൈ ഇസ്രയേല്‍ ആക്രമിച്ചത്. ഹമാസ് തീവ്രവാദികളുമായി ബന്ധപ്പെടുകയോ അവര്‍ക്ക് സഹായവും അഭയവും നല്‍കുന്ന രാജ്യങ്ങളേയാണ് ഇസ്രയേല്‍ ആക്രമിക്കുന്നത്.
150ലേറെ രാജ്യങ്ങളാണ് പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായെത്തിയതെന്നത് നെതന്യാഹുവിനെ ചൊടിപ്പിക്കുന്നുണ്ട്.
ഇസ്രയേല്‍ ബന്ദികളെ വിട്ടയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നുമാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്റെ പ്രതികരണം. അന്‍ഡോറ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാകോ അടക്കമുള്ള രാജ്യങ്ങളും ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു.
അതേസമയം ലോക രാഷ്ട്രങ്ങളില്‍ 80 ശതമാനത്തിലേറെയും പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത് ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. സ്‌പെയിന്‍, നോര്‍വെ, അയര്‍ലന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരുന്നു. അതിനിടെ ഹമാസ് തീവ്രവാദത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ പിന്‍തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രസ്താവിച്ചത് കവലയിലെ കപടപ്രസംഗമാണെന്ന് നെതഹ്യാഹു പറഞ്ഞു.
ഇസ്രയേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളായിരുന്ന ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചത് നെതന്യാഹുവിന് ഉള്‍ക്കൊള്ളാനാവുന്നില്ല. 140-ല്‍ അധികം രാജ്യങ്ങളും നാല് പ്രധാന പാശ്ചാത്യ ശക്തികളും പലസ്തീനെ അംഗീകരിച്ച ഈ സാഹചര്യത്തില്‍, വരും ആഴ്ചകളില്‍ ലോകം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് തീര്‍ച്ചയായിരിക്കുന്നു.
https://www.facebook.com/Malayalivartha
























