ബടാനെസ്, ബാബുയാൻ ദ്വീപുകൾ, തായ്‌വാൻ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം വൻ നാശനഷ്ടം സൃഷ്ടിച്ച് ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് ടൈഫൂൺ റഗാസ: 14 മരണം; റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിൽ...

ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂൺ റഗാസ കിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിൽ സൃഷ്ടിച്ചത് വ്യാപക നാശനഷ്ടങ്ങൾ. ഫിലിപ്പീൻസിലെ ബടാനെസ്, ബാബുയാൻ ദ്വീപുകൾ, തായ്‌വാൻ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം ചുഴലിക്കാറ്റിനെ തുടർന്ന് വലിയ നാശങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തായ്‌വാനിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ 14 മരണം റിപ്പോർട്ട് ചെയ്തു. തായ്‌വാനിലെ ഹുവാലിയൻ പ്രദേശത്തെ തടാകങ്ങൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നഗരത്തിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തി. റഗാസ ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ തായ്‌വാനിൽ കനത്ത മഴയായിരുന്നു.
ഹോങ്കോങ്ങിലെ ഏഷ്യൻ സാമ്പത്തിക കേന്ദ്രത്തിന്റെ തീരപ്രദേശങ്ങളിലും കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഇതോടെ ഹോങ്കോങ്ങിലെ റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ദ്വീപിന്റെ തെക്കുഭാഗത്തുള്ള ഫുള്ളെർട്ടൺ ഹോട്ടലിന്റെ ഗ്ലാസ് വാതിലുകൾ തകർത്ത് കടൽവെള്ളം അകത്തേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ഭൂരിഭാഗവും കടൽ നികത്തിയെടുത്ത് നിർമിച്ച ഹോങ്കോങ്ങിലെ ട്യൂങ് ക്വാൻ ഓ പ്രദേശത്തും കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഇത് പ്രദേശത്തെ നടപ്പാതകളെ മുഴുവൻ വെള്ളത്തിനടിയിലാക്കി. നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന ലന്റാവു പോലുള്ള ദ്വീപുകളിലും വ്യാപകമായ വെള്ളപ്പൊക്കം കാണപ്പെട്ടു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുന്ന റഗാസയുടെ അടുത്ത ലക്ഷ്യം ഹോങ്കോങ്ങിൽ നിന്ന് മാറി ഏകദേശം 100 കിലോമീറ്റർ അപ്പുറത്തുള്ള തെക്ക് ഭാഗമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
റഗാസയുടെ പശ്ചാത്തലത്തിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ തിങ്ങിക്കൂടിയത് ഹോങ്കോങ്ങിൽ പരിഭ്രാന്തിക്ക് കാരണമായി. രണ്ട് ദിവസത്തേക്ക് കടകൾ അടച്ചിടുമെന്ന ഭയത്തിൽ സൂപ്പർമാർക്കറ്റുകളിലെത്തിയ ജനങ്ങൾ വൻ തിരക്ക് സൃഷ്ടിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ജനലുകൾ പൊട്ടി വീഴാതിരിക്കാൻ ടേപ്പുകൾ ഒട്ടിച്ചും ജനങ്ങൾ മുൻകരുതലെടുത്തു.
ബുധനാഴ്ച രാവിലെ ഹോങ്കോങ്ങിൽ ഏറ്റവും ഉയർന്ന അപകടസൂചനയായ ടൈഫൂൺ സിഗ്നൽ പത്താണ് പുറപ്പെടുവിച്ചത്. തുടർന്ന് വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും അടച്ചിടാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി. അതിനിടെ കടൽ കാണാൻ പോയ സ്ത്രീയും അവരുടെ അഞ്ചുവയസുള്ള മകനും തിരമാലയിൽ അകപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വിവിധ ജില്ലകളിലായി സർക്കാർ ഏർപ്പെടുത്തിയ 49 താൽക്കാലിക ഷെൽട്ടറുകളിൽ 727 പേർ അഭയം തേടിയിട്ടുണ്ട്. ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ ചുഴലിക്കാറ്റ് ബാധിക്കില്ലെന്ന് അറിയിച്ചു. കഴിഞ്ഞ വർഷത്തെ പരിഷ്‍കരണത്തിൽ ഏത് കാലാവസ്ഥയിലും കച്ചവടം നടത്തണമെന്ന് തീരുമാനിച്ചതിനെ തുടർന്നാണിത്.
https://www.facebook.com/Malayalivartha