സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്

ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഈജിപ്ത് തലസ്ഥാനമായ കൈറോയിലെ ഷറം അല്‍ ശൈഖില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പ്രധാന ആവശ്യങ്ങള്‍ വ്യക്തമാക്കി ഹമാസ്. ഗസ്സയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന ഒരു കരാറില്‍ എത്താന്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ തങ്ങളുടെ പ്രതിനിധി സംഘം ശ്രമിക്കുന്നുണ്ടെന്ന് ഗ്രൂപ്പിന്റെ വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു.
സ്ഥിരവും സമഗ്രവുമായ വെടിനിര്‍ത്തല്‍ വേണമെന്നതാണ് ചര്‍ച്ചയില്‍ ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധി. ഇസ്‌റാഈല്‍ സൈന്യം ഗസ്സയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങണമെന്നുംമാനുഷികദുരിതാശ്വാസ സഹായങ്ങള്‍ക്ക് നിയന്ത്രണമില്ലാതെ പ്രവേശനം അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
മാറ്റിപ്പാര്‍പ്പിക്കപ്പെട്ട ആളുകള്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കുക, ഒരു ഫലസ്തീന്‍ ദേശീയ ടെക്‌നോക്രാറ്റുകളുടെ സമിതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണ്ണമായ പുനര്‍നിര്‍മ്മാണ പ്രക്രിയ ഉടനടി ആരംഭിക്കുക, നീതിയുക്തമായ ഒരു തടവുകാരുടെ കൈമാറ്റ ഉടമ്പടി ഒപ്പുവെക്കുക തുടങ്ങിയ ഉപാധികളും ഹമാസ് മുന്നോട്ടുവെച്ചു. നേരത്തെ നടന്ന എല്ലാ ചര്‍ച്ചകളും ബോധപൂര്‍വം തകര്‍ത്തെറിഞ്ഞ നെതന്യാഹു നിലവിലെ ചര്‍ച്ചകളെയും തടസ്സപ്പെടുത്താനുംപരാജയപ്പെടുത്താനും ശ്രമിക്കുകയാണെന്ന് ബര്‍ഹൂം ആരോപിച്ചു.
https://www.facebook.com/Malayalivartha