ബിഗ്ബോസ് അടച്ച് പൂട്ടി സ്റ്റുഡിയോ പൊളിക്കാൻ ഉത്തരവിട്ട് സർക്കാർ മത്സരാർത്ഥികളെ ഇറക്കി വിട്ടു

കന്നഡ ബിഗ്‌ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. ബംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സാണ് അടച്ചുപൂട്ടിയത്. ബിഗ്‌ബോസ് മത്സരാർത്ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാൻ സർക്കാർ ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നതെന്നും മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും ബോർഡ് വ്യക്തമാക്കി. ഇവിടെനിന്നുള്ള മാലിന്യങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടി. കന്നഡ കളേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് ഷോയുടെ 12-ാം സീസൺ രണ്ടാഴ്ചപിന്നിടുമ്പോഴാണ് നടപടി.
സൂപ്പർ സ്റ്റാർ കിച്ച സുദീപാണ് സീസൺ അവതരിപ്പിക്കുന്നത്. അടച്ചുപൂട്ടൽ നടപടികൾക്ക് രാമനഗര തഹസിൽദാർ തേജസ്വിനി മേൽനോട്ടം വഹിക്കും. ഷോ നിർത്തിവച്ചതോടെ സാങ്കേതിക പ്രവർത്തകർ ഉൾപ്പടെ 700ൽ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്‌നീഷ്യൻമാർ ഉൾപ്പടെ മൂന്ന് ഷിഫ്റ്റുകളിലായി തുടർച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്നു. അഞ്ചുകോടിയിലേറെ രൂപ ചെലവിട്ടാണ് ബിഗ്‌ബോസിന്റെ സെറ്റ് നിർമ്മിച്ചതെന്നാണ് റിപ്പോർട്ട്. ബംഗ്ലാവിന്റെ രൂപത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മത്സരാർത്ഥികളെ ബിഗ്‌ബോസ് വീട്ടിൽ നിന്ന് മാറ്റിയെന്നും റിപ്പോർട്ടുണ്ട്.
നിയമലംഘത്തിന് നോട്ടീസ് നൽകിയിട്ടും ബിഗ്‌ബോസ് പ്രവർത്തകർ അത് തുടർന്നെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സംസ്ഥാന വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. ബിഗ്ബോസ് റിയാലിറ്റി ഷോ സംസ്ഥാന സർക്കാർ നിർത്തലാക്കുമോയെന്ന ചോദ്യത്തിന് നിയമവ്യവസ്ഥകൾ അനുസരിച്ചുള്ള നടപടി പ്രതീക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha