അടുത്ത രണ്ടുമണിക്കൂറിനിടെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകും; സുനാമി മുന്നറിയിപ്പ്! ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം...

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത രണ്ടുമണിക്കൂറിനിടെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുനിന്ന് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും ആർക്കും ജീവൻ നഷ്ടപ്പെട്ടതായി വിവരമില്ല. അതേസമയം, ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നത് എന്ന് അവകാശപ്പെട്ടുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫിലിപ്പീന്‍സിലെ ഭൂചലനത്തിന് പിന്നാലെ ഇന്‍ഡൊനീഷ്യയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ സുലവെസിയിലും പാപ്പുവയിലുമാണ് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പും ഫിലിപ്പീൻസിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ദുരന്തത്തില്‍ 26 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഭൂകമ്പം നടന്നിരിക്കുന്ന പ്രദേശത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ബോഗോ നഗരവും ദുരന്ത ബാധിത മേഖലയായി മുന്നറിയിപ്പ് നല്‍കിയിരുന്നു സര്‍ക്കാര്‍. ബോഗോ നഗരത്തില്‍ മാത്രം 19 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ കണക്കനുസരിച്ച് രാജ്യത്ത് 26 പേര്‍ അന്നത്തെ ഭൂചലനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സാന്‍ റെമിജിയോ പ്രദേശത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരം നടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. ഇതിനെ തുര്‍ന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിരവധി പേര്‍ കുടുങ്ങിക്കിടന്നു.
https://www.facebook.com/Malayalivartha

























