വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് അന്ത്യശാസനവുമായി ട്രംപ്

വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള എല്ലാ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഈ 4 രാജ്യങ്ങളെ എല്ലാ തരത്തിലും വെനസ്വേലയില്‍ നിന്ന് പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഈ രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാത്ത പക്ഷം വെനസ്വേല ഇനിയും വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നും യു എസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈന, റഷ്യ, ഇറാന്‍, ക്യൂബ രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ മാത്രമേ വെനസ്വേലയെ എണ്ണ ഉത്പാദനം തുടരാന്‍ അനുവദിക്കൂ എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണ ഉത്പാദനത്തിലും വിതരണത്തിലും വെനസ്വേല അമേരിക്കയുമായി മാത്രം സഹകരിക്കണമെന്ന നിബന്ധനയും വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് ട്രംപ് നല്‍കിയിട്ടുണ്ട്. അസംസ്‌കൃത എണ്ണ വില്‍ക്കുമ്പോള്‍ അമേരിക്കയ്ക്ക് മുന്‍ഗണന നല്‍കണം. വെനസ്വേലയുടെ എണ്ണ സമ്പത്തിന്മേല്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതി നടപ്പിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് ഇതുസംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നിലവില്‍ വെനസ്വേലയുടെ എണ്ണ ടാങ്കറുകള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും സംഭരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ എണ്ണക്കിണറുകള്‍ അടച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രതിസന്ധി മുതലെടുത്ത് വെനസ്വേലയെ സമ്മര്‍ദ്ദത്തിലാക്കാനാണ് യു എസ് നീക്കം. എണ്ണ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വെനസ്വേല സാമ്പത്തികമായി തകരുമെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























