വിവാഹിതരായ പുരുഷന്‍മാരെയും പൗരോഹത്യത്തിനായി പരിഗണിക്കണം: പോപ്പ് ഫ്രാന്‍സിസ്

ലോകത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കത്തോലിക്ക സഭയുടെ ആരാധനാലയങ്ങള്‍ വൈദികരുടെ കുറവ് നേരിടുന്നതിനാല്‍ വിവാഹതരായ പുരുഷന്‍മാരെയും പൗരോഹത്യത്തിനായി പരിഗണിക്കാമെന്ന് പോപ്പ് ഫ്രാന്‍സിസ്. ജര്‍മ്മനിയിലെ ഡൈ സെയ്റ്റ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സഭ വളരെ ഗൗരവകരമായി വിവാഹിതനെ പുരോഹിതനാക്കുന്ന കാര്യം പരിഗണിക്കുന്നതായി വ്യക്തമാക്കിയത്. വിരി പ്രോബറ്റി നിര്‍ദേശം എന്നാണ് ഈ നീക്കം അറിയപ്പെടുന്നത്.
ഫ്രാന്‍സിസ് പോപ്പിന്റെ പുതിയ നിര്‍ദേശം നടപ്പിലാകുന്നതോടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന റോമന്‍ കത്തോലിക്കര്‍ക്കും പൗരോഹത്യം സ്വീകരിക്കുവാന്‍ സാധിക്കുന്നതാണ്. ലോകത്ത് കത്തോലിക്ക മതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രസീലില്‍ പോലും പുരോഹിതന്‍മാരുടെ ക്ഷാമം നേരിടുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പോപ്പിന്റെ പുതിയ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് ഇവരുടെ പ്രദേശങ്ങളില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
വൈദികരുടെ എണ്ണം വര്‍ധിക്കുന്നത് വഴി ലോകമെമ്പാടും മതത്തിന്റെ പ്രചരണം കൂടുതല്‍ ശക്തമാക്കുവാന്‍ സാധിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. ഈ വര്‍ഷം ഇന്ത്യ, കൊളംബിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ താത്പര്യപ്പെടുന്നതായും പോപ്പ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha























