ഈജിപ്റ്റിന്റെ കാർമികത്വത്തിൽ ഫത്ഹ്–ഹമാസ് ചർച്ച ഇന്ന് കൈറോയിൽ

ഈജിപ്റ്റിന്റെ കാർമികത്വത്തിൽ ഫത്ഹ്–ഹമാസ് ചർച്ച ഇന്ന് കൈറോയിൽ നടക്കും. ഈജിപ്റ്റിന്റെ മധ്യസ്ഥതയിൽ ആഴ്ചകളായി തുടരുന്ന ചർച്ചകളുടെ ഫലമായാണ് ഐക്യസർക്കാറിന് ഒപ്പം നിൽക്കാനും ഗസ്സയിലെ ഭരണം പിരിച്ചുവിടാനും ഹമാസ് തയ്യാറായത്. ഇന്നത്തെ ചർച്ചയിൽ ഹമാസ് നേതൃത്വത്തിന്റെ നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതിന്റെ മുന്നോടിയായി ഗസ്സയുടെ സുരക്ഷക്ക് 3,000 ഫത്ഹ് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കുന്ന വിഷയം ഉന്നയിക്കും.
കൂടാതെ ഫലസ്തീനിൽ പ്രസിഡൻറ് പദത്തിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങളും ഇന്നുണ്ടായേക്കുമെന്നു കരുതുന്നു. ഫലസ്തീൻ നേതൃത്വം ഒൗദ്യോഗികമായി പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനാണെങ്കിലും ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സയിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. റാമല്ല ആസ്ഥാനമായുള്ള ഫലസ്തീൻ അതോറിറ്റിക്കു ഭരണച്ചുമതല കൈമാറിയെങ്കിലും അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. ഇസ്രായേലിനെതിരെ തുടരുന്ന സായുധ ചെറുത്തുനിൽപ് ചർച്ചാ വിഷയമാകില്ലെന്നും ഹമാസ് വക്താവ് സാമി അബൂ സുഹ്രി അറിയിച്ചു.
ഗസ്സയുടെ സുരക്ഷക്ക് ഫത്ഹ് അനുകൂല ഉദ്യോഗസ്ഥരെ നിയമിക്കുന്നതോടെ ഇതുവരെ തുടർന്നുപോന്ന കടുത്ത നിയന്ത്രണം ഇസ്രായേലും ഇൗജിപ്തും ഭാഗികമായി ഉപേക്ഷിക്കുമെന്നാണ് സൂചന. ഈ രാജ്യങ്ങൾക്ക് പുറമെ മഹ്മൂദ് അബ്ബാസും അടുത്തിടെ ഗസ്സക്കു മേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇവിടത്തുകാരുടെ ജീവിതം ഏറെ ദുസ്സഹമാണ്.
https://www.facebook.com/Malayalivartha
























