ട്രംപിന്റെ ഭീഷണി ഫലം കണ്ടു; 27 ഭീകരരെ അഫ്ഗാനിസ്ഥാന് കൈമാറി

പാകിസ്ഥാൻ ഭീകരതയെ പ്രോൽസാഹിപ്പിക്കുന്ന നയം അവസാനിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ഫലം കണ്ടു. താലിബാന്റെയും ഹഖാനി നെറ്റ്‍വർക്കിന്റെയും 27 ഭീകരരെ കഴിഞ്ഞവർഷം നവംബറിൽ അഫ്ഗാനിസ്ഥാനു കൈമാറിയതായി പാക്ക് ഉന്നതോദ്യോഗസ്ഥർ വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു പാക്കിസ്ഥാനെ ഉപയോഗിക്കുന്നതു തടയാന്‍ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നു പാക്ക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ട്വിറ്ററില്‍ വ്യക്തമാക്കി. പാക്കിസ്ഥാനു ഭീകരവാദത്തിന്റെ പേരില്‍ 75,000 സാധാരണക്കാരെയും 6000 സൈനികരെയുമാണു നഷ്ടമായിട്ടുള്ളത്. രാജ്യാന്തരതലത്തിൽ തന്നെ ഏറ്റവും കൂടുതൽ സൈനികരെ നഷ്ടമായിട്ടുള്ളതും പാക്കിസ്ഥാനാണ്. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ ഭാഗമായി 123 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടവും പാക്കിസ്ഥാനുണ്ടായെന്നും മുഹമ്മദ് ഫൈസൽ വ്യക്തമാക്കി.
പുതിയ നീക്കത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയിൽ നിന്നു മറുപടി ലഭിച്ചതായും മുഹമ്മദ് ഫൈസൽ അറിയിച്ചു. ഇതിനിടെ, 100 പേർ കൊല്ലപ്പെട്ട ആംബുലൻസ് സ്ഫോടനത്തിനു പിന്നാലെ അഫ്ഗാൻ ഉന്നതതല സംഘം പാക്കിസ്ഥാൻ സന്ദർശനത്തിനു തയാറായി. മന്ത്രിയും അഫ്ഗാൻ ദേശീയ സുരക്ഷാ മന്ത്രാലയ മേധാവിയുമടങ്ങുന്ന സംഘമാണു പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.
തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന നയമാണ് പാക്കിസ്ഥാൻ സ്വീകരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചിരുന്നു. ഇതേ തുടർന്ന് പാക്കിസ്ഥാനു 225 മില്യൺ ഡോളറിന്റെ സൈനിക സഹായം നൽകുന്നത് യുഎസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















