ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ പിണങ്ങി നില്‍ക്കുന്ന നടിമാരെ തണുപ്പിക്കാന്‍ അമ്മയില്‍ ചര്‍ച്ച; വനിതാകൂട്ടായ്മയ്ക്ക് ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കും; 19ന് നടക്കുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലേക്കാണ് ക്ഷണമുള്ളത്; മോഹന്‍ലാല്‍ ലണ്ടനില്‍ നിന്നും അടുത്താഴ്ചയോടെ തിരിച്ചെത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും

എല്ലാം പറഞ്ഞൊതുക്കാന്‍ അമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ ശമിപ്പിക്കാനാണ് അമ്മയുടെ നീക്കം. അമ്മയും ഡബ്ല്യസിസിയുമായുള്ള നിര്‍ണായക ചര്‍ച്ച ഈമാസം 19ന് നടക്കും. അമ്മ എക്‌സിക്യൂട്ടീവ് യോഗം 19ന് ചേരാന്‍ ധാരണയായി.
ചര്‍ച്ചയ്ക്ക് ക്ഷണിച്ച് വനിതാകൂട്ടായ്മക്ക് കത്തുനല്‍കുമെന്നാണ് സൂചന. പ്രാധാന്യമുള്ള വിഷയം ചര്‍ച്ചയ്ക്കുണ്ടെന്ന് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ക്ക് ക്ഷണക്കത്ത് നല്‍കുമെന്നാണ് സൂചന.
ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള പ്രസിഡന്റ് മോഹന്‍ലാല്‍ അടുത്താഴ്ചയോടെ തിരിച്ചെത്തും. ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടി, രമ്യ നമ്ബീശന്‍, റിമ കല്ലിങ്ങല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്നും രാജിവച്ചത് അമ്മയെ പ്രതിരോധത്തിലാക്കിയിരുന്നു. മാത്രമല്ല ഇതിന് പിന്നാലെ നിരവധി നടിമാര്‍ അവര്‍ക്ക് പിന്തുണയുമായെത്തുകയും ചെയ്തു.
രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയ്ക്ക് വഴി തുറന്നത്. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























