ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്ക്. ഒക്ടോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. ഏപ്രിൽ - സെപ്തംബറിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി. 7 പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർദ്ധിപ്പിച്ചു. വിറ്റുവരവിൽ 9.07 ശതമാനം വർധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു വരവ് വർദ്ധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 27.30 കോടി രൂപയാണ്.
പ്രവർത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങൾ ആയിരുന്നു ലാഭത്തിൽ ഉണ്ടായിരുന്നത്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇത് 9 ആയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റു വരവ് 2440.14 കോടി ആയി വർദ്ധിച്ചു. കഴിഞ്ഞവർഷം ഇത് 2299 കോടിയായിരുന്നു. - റിപ്പോർട്ട് വ്യക്തമാക്കുന്നു.
48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ചവറ കെ എം എം എൽ ആണ് ഏറ്റവും അധികം പ്രവർത്തന ലാഭം ഉണ്ടാക്കിയത്; 4548.64 ലക്ഷം രൂപ. ഒക്ടോബർ മാസത്തിലെ മാത്രം പ്രവർത്തന ലാഭം 1461.24 ലക്ഷം രൂപയുടേതാണ്. കെൽട്രോൺ 1268.20 ലക്ഷം രൂപ പ്രവർത്തന ലാഭം നേടി. കഴിഞ്ഞവർഷം നേരിട്ട നഷ്ടത്തെ മറികടന്നാണിത്. കെൽട്രോൺ ഇ.സി.എൽ 1184 . 59 ലക്ഷം പ്രവർത്തന ലാഭം കൈവരിച്ചു.
കെ എം എം എൽ, കെൽട്രോൺ, കെൽട്രോൺ ഇ സി എൽ, കെൽട്രോൺ കംപോണൻ്റ്സ്, ടി സി സി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ്എൻജിനീയറിങ് കമ്പനി, കയർ കോർപ്പറേഷൻ, കെ എസ് ഐ ഇ, ടെൽക്ക്, എസ് ഐ എഫ് എൽ, മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ, കെ സി സി പി എൽ, കയർഫെഡ്, സിൽക്ക്, ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ, എഫ് ഐ ടി, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ, കെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിംഗ് മിൽ, ഫോം മാറ്റിംഗ്സ്, ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ, സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെൻ്റ് കോർപ്പറേഷൻ, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി എന്നീ പുതുമേഖലാ സ്ഥാപനങ്ങളാണ് നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha























