അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കരയിലെ വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ഉമ്മന്നൂർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, മാറാംപാറ ടൂറിസം പദ്ധതി, പഴിഞ്ഞം- ഉമ്മന്നൂർ ഗ്രാമീണ റോഡ് എനിവയുടെ നിർമാണപുരോഗതിയാണ് വിലയിരുത്തിയത്.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉടനെ പൂർത്തിയാകും. ആധുനിക സൗകര്യങ്ങളോടെ 1.5 കോടി രൂപ ചിലവിലാണ് കെട്ടിടം പൂർത്തിയാകുക. മാറാംപാറ ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തികളും തുടങ്ങും.
ആഭ്യന്തര ടൂറിസ്റ്റുകൾക്കായി വിഭാവനം ചെയ്ത പദ്ധതിക്ക് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇക്കോ ടൂറിസം സൊസൈറ്റിയുമായി ചേർന്നാണ് നടപ്പാക്കുക. പ്രദേശത്തെ മറ്റു ഇക്കോ ടൂറിസം പദ്ധതികളായ ആയിരവല്ലിപ്പാറ, പൊങ്ങുംപാറ, മുട്ടറ- മരുതിമല തുടങ്ങിയവയും താമസമില്ലാതെ യാഥാർഥ്യമാകും.
പഴിഞ്ഞം- ഉമ്മന്നൂർ റോഡിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. 2.5 കോടി രൂപയ്ക്ക് നിർമിക്കുന്ന റോഡ് വടവോട്, പഴിഞ്ഞം, ഉമ്മന്നൂർ വാർഡുകളെ ബന്ധിപ്പിക്കുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























