എട്ടാം ക്ലാസുകാരനായ ആശുപത്രി ഉടമയുടെ മോഹം അസ്ഥാനത്തായപ്പോള്‍ പെട്ടത് രോഗികള്‍; രോഗിയെ ശസ്ത്രക്രിയ ചെയ്യുന്ന വീഡിയോ പുറത്തായതോടെ വന്‍ വിവാദം

യുപിയിലെ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആര്യന്‍ ആശുപത്രിയുടെ ഉടമ ശസ്ത്രക്രിയ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്. എട്ടാം ക്ലാസ് മാത്രം യോഗ്യതയുള്ള നര്‍ദേവ് സിങ് എന്ന ഉടമസ്ഥനാണ് സ്വന്തം ആശുപത്രി എന്ന സ്വാതന്ത്ര്യത്തില്‍ രോഗിക്ക് ശസ്ത്രക്രിയ ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വന്‍ വിവാദവും ചര്‍ച്ചയുമായി.
രാജ്യത്തെ നടുക്കിയ ഗോരഖ്പൂര്‍ കൂട്ടമരണത്തിന് പിന്നാലെ യുപിയില്‍ തന്നെ ഇത്തരം വീഴ്ചകളുണ്ടാകുന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ആക്ടിങ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് ഹാണ്ഡെ പറഞ്ഞു. ആശുപത്രിയുടെ വിശദീകരണം തേടിയിട്ടുണ്ട്. പേരു വെളിപ്പെടുത്താത്ത വ്യക്തിയാണ് ദൃശ്യങ്ങള്‍ സിഎംഒയ്ക്ക് അയച്ചത്. എന്നാല്‍ ഇതിനു ശേഷം അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ കയറ്റാതെ ബിജെപി നേതാവ് തടഞ്ഞു.
ഇതിനു മുന്‍പും നിരവധി ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള ആശുപത്രിയാണ് ആര്യന്‍. നിയമപരമായല്ല ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി മൂന്നുതവണ അടച്ചു പൂട്ടിയിരുന്നു. എന്നാല്‍ തന്റെ ഉന്നത സ്വാധീനം ഉപയോഗിച്ച് നര്‍ദേവ് വീണ്ടും തുറക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം 20 രോഗികളാണ് ഇവിടെ മരിച്ചത്. 2014ല്‍ ചികിത്സാ പിഴവ് കാരണം രോഗി മരിച്ചതിന് പിന്നാലെ നാട്ടുകാര്‍ ആശുപത്രി തല്ലിതകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha























