എസ്.എഫ്.ഐ. നേതാവ് അഭിമന്യു കൊലചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽനിന്നായി എൺപതോളം പേരെ പോലീസ് കരുതൽ തടങ്കലിൽ എടുത്തു

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ. നേതാവ് അഭിമന്യു കൊലചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽനിന്നായി എൺപതോളം പേരെ പോലീസ് കരുതൽ തടങ്കലിൽ എടുത്തു. ഇതിൽ ഭൂരിഭാഗം പേരെയും ബുധനാഴ്ച വിട്ടയച്ചു.
സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി ആലപ്പുഴയിലെ പരിശോധനകൾക്ക് ജില്ലാ പോലീസ് മോധാവി എസ്.സുരേന്ദ്രൻ നേതൃത്വം നൽകുന്നു. മണ്ണഞ്ചേരി, പുന്നപ്ര, കായംകുളം, ഹരിപ്പാട്, ചാരുംമൂട്, ചെങ്ങന്നൂർ, ആലപ്പുഴ, അരൂർ സ്റ്റേഷൻ പരിധിയിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.എസ്.നവാസ് നൈന, ആര്യാട് ഏരിയാ പ്രസിഡന്റ് പി.എസ്. ഹാരിസ്, മണ്ണഞ്ചേരി പഞ്ചായത്ത് അംഗം കെ.വി.കിഷോർ കുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ബുധനാഴ്ച രാത്രി ഏഴ് മണിയോടെ വിട്ടയച്ചു.
മണ്ണഞ്ചേരി പോലീസ് 24 മണിക്കൂർ കരുതൽ തടങ്കലിൽ വെച്ചശേഷമാണ് ജാമ്യത്തിൽ വിട്ടയച്ചത്. ഇവരെ വിട്ടയക്കും വരെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവർത്തകർ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരുടേയും വീടുകളിൽ പോലീസ് റെയ്ഡും നടത്തി.പുന്നപ്രയിലെ എസ്.ഡി.പി.ഐ.പ്രവർത്തകരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഫോൺ വിളികളും ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകളും പോലീസ് പരിശോധിച്ച് വരുകയാണ്. മുൻപ് ക്രിമിനൽകേസുകളിൽ പ്രതികളായവരുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha























