ഗോപാലക്കുറുപ്പിനെ രണ്ടാണ്‍മക്കളും മകളും വീട്ടില്‍ ഉപേക്ഷിച്ച് മാറിത്താമസിച്ചു, ഭൂമി എഴുതി വാങ്ങിയ മകളും സ്ഥലം വിട്ടതോടെ കുറുപ്പ് ഒറ്റപ്പെട്ടു, വീടിന് വെളിയിലേക്ക് ഇറങ്ങുന്നതിനിടെ വീണ് തല പൊട്ടി ഉണ്ടായ മുറിവ് വൃണമായി

മക്കള്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട വൃദ്ധനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ഒരാഴ്ചയായി പട്ടിണിയിലായി അവശനായ ആളെ നാട്ടുകാരുടെ സഹായത്തോടെ ജനമൈത്രി പൊലീസെത്തി രക്ഷപെടുത്തി ആസ്പത്രിയിലാക്കി. പുനലൂര്‍ പത്തേക്കര്‍ വാര്‍ഡില്‍ ഉദയഭവനില്‍ ഗോപാലക്കുറുപ്പി (84) നെയാണ് വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ നനഗരസഭയിലെ ആശ വര്‍ക്കര്‍മാര്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ കൗണ്‍സിലര്‍ ലളിതമ്മ ജനമൈത്രി എ.എസ്.ഐ.ഷെരീഫിനെ വിവരംമറിയിച്ചു.
ഷെരീഫിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ഗോപാലക്കുറുപ്പിനെ പുനലൂര്‍ താലൂക്കാസ്പത്രിയിലേക്ക് മാറ്റി. പട്ടിണി കിടന്ന് അവശനായി തലയിലെ മുറിവ് നല്ല വ്രണമായി പുഴുവരിച്ച നിലയിലായിരുന്നു ഗോപാലക്കുറുപ്പ്. രണ്ട് ആണ്‍മക്കളും ഒരു പെണ്ണും ഉള്‍പ്പെടെ മൂന്ന് മക്കളുള്ള ഗോപാലക്കുറുപ്പിന് മക്കള്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് നാട്ടുകാരായിരുന്നു ആശ്രയം. ഗുജറാത്തില്‍ താമസക്കാരിയായ മകള്‍ അമ്പിളിക്ക് വീടും സ്ഥലവും എഴുതി നല്‍കിയതിനെ തുടര്‍ന്ന് മറ്റ് മക്കളായ ബാബുവും അജയനും ഇവിടെ നിന്നും മാറി താമസം തുടങ്ങി. സ്ഥലമെഴുതി വാങ്ങിയ മകളും സ്ഥലം വിട്ടതോടെ പിതാവ് പട്ടിണിയായി. ഇതിനിടെ പുറത്തേക്കിറങ്ങവേ തലമുറിഞ്ഞ് പനിയായി കിടപ്പിലുമായി.
വിവരമറിഞ്ഞെത്തിയ മക്കള്‍ പിതാവ് വെളിയിലിറങ്ങാതെ കതക് വെളിയില്‍ നിന്ന് കയറിട്ട് കെട്ടിയിട്ട് കടന്നു. വീട് അടച്ചിട്ടിരിക്കുന്നത് കണ്ട നാട്ടുകാര്‍ വൃദ്ധന്‍ മക്കള്‍ക്കൊപ്പം പോയെന്ന് കരുതി പിന്നെ ശ്രദ്ധിക്കാതെയുമായി. പത്തേക്കര്‍ വാര്‍ഡിലെ ആശ വര്‍ക്കര്‍മാരായ ശാന്തമ്മ, ലൈല എന്നിവര്‍ വീട്ടിലെത്തിയപ്പോള്‍ അകത്ത് നിന്ന് ഞരക്കവും മറ്റും കേട്ട് ജനാല വഴി നോക്കിയപ്പോഴാണ് അവശനിലയിലായ വൃദ്ധനെ കണ്ടെത്തിയത്. പൊലീസ് മകന്‍ ബാബുവിനെ വിളിച്ച് വരുത്തി താക്കീത് നല്‍കി. മറ്റു മക്കളെ വിവരമറിയിച്ച് തുടര്‍ ചികിത്സ ഏര്‍പ്പാടാക്കാനും പൊലീസ് ബാബുവിനെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha























