മ്യൂസിയം ഭാഗത്തു തങ്ങളെ ഇറക്കിയശേഷം സുദേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്ക്കൊള്ളാൻ ഗവാസ്കറിനോടു പറഞ്ഞിരുന്നു ; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകൾ ഹൈക്കോടതിയിൽ

പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾ ഹൈക്കോടതിയിലേക്ക്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നതെന്നും നടപടികൾ റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
ഔദ്യോഗിക വാഹനം ഓടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ഗവാസ്കറോടു ജൂൺ 13ന് സുദേഷ് കുമാർ ആവശ്യപ്പെട്ടിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഗവാസ്കർ തന്നെ വാഹനവുമായി എത്തുകയായിരുന്നു. ഈ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ തർക്കത്തിന് ഇടയാക്കിയതായി ഹർജിയിൽ ആരോപിക്കുന്നു.
സംഭവ ദിവസം മ്യൂസിയം ഭാഗത്തു തങ്ങളെ ഇറക്കിയശേഷം സുദേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്ക്കൊള്ളാൻ ഗവാസ്കറിനോടു പറഞ്ഞിരുന്നു. എന്നാൽ വ്യായാമം കഴിഞ്ഞു മടങ്ങിവന്നപ്പോഴും ഗവാസ്കർ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടു മടങ്ങിപ്പോയില്ലെന്നു ചോദിച്ചപ്പോൾ ഗവാസ്കർ ക്ഷോഭിച്ചു സംസാരിക്കുകയും ജാതിപ്പോരു വിളിച്ചു തന്നെ അപമാനിച്ചെന്നും ഹർജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha























