പത്മനാഭസ്വാമിയെ ടൂറിസത്തിന് ഉപയോഗിക്കാമോ? ക്ഷേത്രത്തിലെ നിധിശേഖരം പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നൽകാമെങ്കിൽ മ്യൂസിയം നിർമ്മിക്കാനുള്ള മുഴുവൻ പണവും നൽകാമെന്ന് കണ്ണന്താനം; നിലവറയിലെ ആഭരണങ്ങള്‍ പ്രദർശിപ്പിക്കുന്നത് വിശ്വാസത്തിന് വിരുദ്ധമെന്ന് രാജ കുടുംബം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി മ്യൂസിയമാക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പണി കിട്ടാൻ സാധ്യത. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇക്കാര്യത്തിൽ കണ്ണന്താനത്തോട് വിശദീകരണം ആവശ്യപ്പെട്ടെന്നാണ് സൂചന.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തലസ്ഥാനവാസികളെ സംബന്ധിച്ചടത്തോളം അവരുടെ ദൗർബല്യമാണ്. പത്മനാഭ സ്വാമിയെ കുറിച്ചെന്ത് പറഞ്ഞാലും അവർ അംഗീകരിക്കുകയില്ല. ക്ഷേത്രത്തിൽ നിന്നും എന്ത് എടുത്തു എന്ന് പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല. അതാണ് വിശ്വാസം.
കണ്ണന്താനത്തിന് സംഭവിക്കുന്നതെല്ലാം അബദ്ധങ്ങളാണ്. ബി ജെ പി സർക്കാരിനെ എക്കാലവും പ്രതിസന്ധിയിലാക്കിയ പ്രസ്താവനകളാണ് കണ്ണന്താനം നടത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് ബി ജെ പി ക്ക് വോട്ടു ലഭിക്കുന്നത് ഹിന്ദു മത വിശ്വാസികളിൽ നിന്നാണ്. അവരെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനയാണ് കണ്ണന്താനം നടത്തിയത്.
പ്രത്യേകിച്ച് കണ്ണന്താനം മറ്റൊരു മത വിശ്വാസിയാണ്. അപ്പോൾ ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്താതിരിക്കുന്നതാണ് നല്ലത്. രാജകുടുംബാംഗങ്ങളോടാണ് ഇത്തരമൊരു ആവശ്യം അദ്ദേഹം മുന്നോട്ടുവച്ചത്. അനുവാദം നൽകാമെങ്കിൽ മ്യൂസിയം നിർമ്മിക്കാനുള്ള മുഴുവൻ പണവും നൽകാമെന്നും അദ്ദേഹം പറഞ്ഞു. രാജകുടുംബം പക്ഷേ കൈയോടെ നിഷേധിച്ചു.
പത്മനാഭ സ്വാമിയുടെ അമൂല്യ നിധി മ്യൂസിയമാക്കിയാൽ അത് ടൂറിസ്റ്റുകൾക്ക് പ്രയോജനകരമായിരിക്കുമെന്നാണ് കണ്ണന്താനം പറഞ്ഞത്. ഇതിൽ ടൂറിസം എന്ന വാക്കാണ് പ്രശ്നമായത്. അമൂല്യ നിധി കണ്ണന്താനത്തിന് ടൂറിസമാകാമെങ്കിലും തങ്ങൾക്ക് അങ്ങനെയല്ലെന്ന് ഗൗരി പാർവതി ഭായി പറഞ്ഞു. പത്മനാഭസ്വാമിയെ ടൂറിസത്തിന് ഉപയോഗിക്കാമോ എന്നും തമ്പുരാട്ടി ചോദിച്ചു. മ്യൂസിയത്തിന് 300 കോടി നൽകാമെന്നും കണ്ണന്താനം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഒരു ബി ജെ പി എം പി, കണ്ണന്താനത്തിന്റെ പ്രസ്താവന അമിത് ഷായുടെ ശ്രദ്ധയിലെത്തിച്ചു എന്നാണ് റിപ്പോർട്ട്. മലയാളികൾ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും കണ്ണന്താനത്തിന്റെ പ്രസ്താവന കേരളത്തിലെ ബി ജെ പി ക്ക് വിനയാകുമെന്ന് എം പി അറിയിച്ചു എന്നാണ് വിവരം. അധികം വൈകാതെ ഇതിന്റെ പ്രത്യാഘാതങ്ങൾ തിരിച്ചറിയാമെന്നും ബി ജെ പി നേതാക്കൾ പറയുന്നത്.
കണ്ണന്താനത്തിന്റെ ആത്മ സുഹൃത്ത് സി വി ആനന്ദബോസാണ് മ്യൂസിയം എന്ന ആശയം ആദ്യം മുന്നോട്ടു വച്ചത്. ആനന്ദബോസ് അന്ന് സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം ക്ഷേത്രം മൂല്യനിർണയ സമിതി ചെയർമാനായിരുന്നു. അന്നും ആനന്ദബോസിന്റെ പ്രസ്താവന വിവാദമായിരുന്നു. അധികം വൈകാതെ ആനന്ദബോസ് സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്തായി.
https://www.facebook.com/Malayalivartha























