കോഴിക്കോട് ഫിഷറീസ് യൂ.പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; സ്കൂൾ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ ഒരുമാസത്തെ ഭക്ഷണം

കോഴിക്കോട് വെള്ളയിലെ ഗവണ്‍മെന്റ് ഫിഷറീസ് യൂ.പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കുഞ്ഞു കുട്ടികളുൾപ്പടെയുള്ള സ്കൂൾ വിദ്യാർത്ഥികളുടെ ഭക്ഷണം ഇല്ലാതാക്കിയായിരുന്നു സാമൂഹ്യ വിരുദ്ധരുടെ നിഷ്ടൂര ചെയ്തികൾ.
അജ്ഞാത സംഘം കഴിഞ്ഞ ദിവസം സ്കൂളിലെ അടുക്കളയിലെ സാധനങ്ങളും അടുപ്പുകളും നശിപ്പിക്കുകയും അരിയും പാകം ചെയ്യാനുള്ള മറ്റുഭക്ഷണ സാധനങ്ങളും നിലത്തിട്ട് ഉപയോഗ ശൂന്യമാക്കുകയുമായിരുന്നു. ഒരുമാസത്തേയ്ക്കു കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച കലവറയിലാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇതോടെ സ്‌കൂളില്‍ നിന്നു പ്രഭാത ഭക്ഷണം കഴിക്കാമെന്നു കരുതിയെത്തിയ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായി.
അതിക്രമിച്ച് കയറിയവര്‍ പ്രാവിന്റെതെന്നു തോന്നിപ്പിക്കുന്ന പക്ഷിയുടെ മാംസം അടുക്കളയില്‍ വച്ചു പാകം ചെയ്യ്തിട്ടുമുണ്ട്. ഇവർ കഴിച്ച മാംസത്തിന്റെ അവശിഷ്ടങ്ങളും അടുക്കളയിലുണ്ട്. സ്‌കൂളില്‍ നിന്നു ഉച്ചഭക്ഷണം കഴിക്കാനായി ആഹാരം കൊണ്ടുവരാതെ എത്തിയ കുട്ടികള്‍ക്ക് ചില സംഘടനയുടെയും ആളുകളുടെയും സഹായത്തോടെ ഭക്ഷണം എത്തിച്ചു നല്‍കി. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് അധികൃതര്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























