തങ്ങളുടെ ചങ്കായ അധ്യാപകനെ അധികനാള്‍ പിടിച്ചുനിര്‍ത്താന്‍ ആ വിദ്യാര്‍ത്ഥികള്‍ക്കായില്ല; പുതിയ സ്‌കൂളിലേക്കു മാറാന്‍ ഭഗവാനോട് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

ചെന്നൈ തിരുവള്ളൂര്‍ ജില്ലയിലെ വെളിഗരം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കുട്ടികളുടെ പ്രതിഷേധത്തിനും കണ്ണീരിനുമിന്നില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടം വിലങ്ങുതടിയായി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കണ്ണിലുണ്ണിയായ ജി. ഭഗവാന്‍ ഇനി തിരുത്താനി ഗവ. ഹൈസ്‌കൂളിലെ അധ്യാപകന്‍. വിദ്യാര്‍ഥികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പുതിയ സ്‌കൂളിലേക്കു മാറാന്‍ ഭഗവാന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപകവിദ്യാര്‍ഥി അനുപാതപ്രകാരം സ്‌കൂളിലെ അധ്യാപകരുടെ എണ്ണം കൂടുതലായതിനാലാണു ജൂനിയറായ ഭഗവാനെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചതിനെത്തുടര്‍ന്നു 10 ദിവസത്തേക്ക് തീരുമാനം മരവിപ്പിച്ചു. ഇതിന്റെ കാലാവധി അവസാനിച്ചതോടെ, വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി പുതിയ സ്‌കൂളിലേക്കു മാറാനാണു വാക്കാല്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇതിനു പ്രത്യേക കാലാവധി പറഞ്ഞിട്ടില്ല.
സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ ഭഗവാന്റെ സ്ഥലംമാറ്റത്തോടുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയിരുന്നു. അധ്യാപകനെ വിദ്യാര്‍ഥികള്‍ കണ്ണീരോടെ വട്ടമിട്ടു പിടിക്കുന്ന ചിത്രം ഗുരുശിഷ്യ ബന്ധത്തിന്റെ ഉത്തമ മാതൃകയായി രാജ്യമെങ്ങും ആഘോഷിച്ചു. നാലു വര്‍ഷം മുന്‍പ് സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ കയറിയ ഭഗവാന്‍ പുതുമയുള്ള അധ്യാപന രീതിയിലൂടെയാണു കുട്ടികളുടെ കണ്ണിലുണ്ണിയായത്.
https://www.facebook.com/Malayalivartha























