ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ കെ എസ് ഇ ബി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; അണക്കെട്ടിനു മുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു; പ്രദേശവാസികള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍; ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറുകള്‍

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ കെ എസ് ഇ ബി ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രതാ മുന്നറിയിപ്പ് )പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ പരമാവധി ജലവിതാന നിരപ്പ് 2403 അടിയാണ്. തിങ്കളാഴ്ച രാത്രി ഒന്‍പതിന് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധിയായ 2395 അടിയായി ഉയര്‍ന്നത്. ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിനു മുകളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
രാത്രി എട്ട് മണിക്ക് എടുത്ത കണക്കില്‍ 2394.96 അടിയായിരുന്നു ജലനിരപ്പ്. രാത്രി ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ഒന്‍പതു മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കുകയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
പ്രദേശവാസികള്‍ക്കുവേണ്ട മുന്‍കരുതലുകള്‍
വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമകര സേനാംഗങ്ങള്‍ ഏതു നിമിഷവും എത്താന്‍ തയ്യാറായിട്ടുണ്ട്.
ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തില്‍. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളില്‍ ചെറുബോട്ടുകളുമായി തീരരക്ഷാസേനയുണ്ടാകും.
എമര്‍ജന്‍സി കിറ്റ്
നദിക്കരയോടുചേര്‍ന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികള്‍ (എമര്‍ജന്‍സി കിറ്റ്) കരുതണം. മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്, അരലിറ്റര്‍ വെള്ളം, ഒരു പാക്കറ്റ് ഒ.ആര്‍.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ചെറിയ കത്തി, ക്ലോറിന്‍ ഗുളിക, ആന്റിസെപ്റ്റിക് ലോഷന്‍, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്.
അണക്കൊട്ടിലെ നീരൊഴുക്ക് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും മഴയുടെ തോതും നീരൊഴുക്കും വിലയിരുത്തി അതീവ ജാഗ്രതാനിര്‍ദേശം (റെഡ് അലേര്‍ട്ട്) പ്രഖ്യാപിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘത്തെ ആലുവയില്‍ വിന്യസിച്ചിട്ടുണ്ട്. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരില്‍ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സര്‍ക്കാര്‍ തേടി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവര്‍ത്തനത്തിനു തയാറാണ്. എറണാകുളം ജില്ലയില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ തീരസേനയുടെ ബോട്ടുകളും തയാറായിട്ടുണ്ട്.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറുകള്‍
എറണാകുളം 04841077 (7902200300, 7902200400)
ഇടുക്കി 048621077 (9061566111, 9383463036)
തൃശ്ശൂര്‍ 04871077, 2363424 (9447074424).
https://www.facebook.com/Malayalivartha



























