തൃശുര്‍ സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന 'ഗുരുപാദപൂജ'യെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്; സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമീഷന്‍

ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന 'ഗുരുപാദപൂജ'യെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ഉത്തരവിട്ടു. വിഷയത്തില്‍ കമീഷന്‍ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറോടും തൃശൂര്‍ ജില്ല പൊലീസ് മേധാവിയോടും വിദ്യാഭ്യാസ ഉപ ഡയറക്ടറോടും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ അറിയിച്ചു.
വിവിധ മതസ്ഥരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് മതാചാര പ്രകാരം അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ചുവെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് കമീഷന്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
അതിനിടെ, മറ്റൊരു പരിപാടിക്ക് നല്‍കിയ അനുമതിയെ ചേര്‍പ്പ് സ്‌കൂളില്‍ നടന്നതായി പറയുന്ന നിര്‍ബന്ധിത ഗുരുപാദ പൂജക്കുള്ള അനുമതിയായി ചിത്രീകരിച്ച് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണെന്ന വിശദീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തു വന്നു. ചേര്‍പ്പ് സ്‌കൂളില്‍ നടന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഡി.പി.ഐ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























