ശബരിമല സ്ത്രീ പ്രവേശം: ടി കെ എ നായരുടെ പ്രസ്താവന പ്രചരണായുധമാക്കാനൊരുങ്ങി ബി ജെ പി ; നായരെ ശബരിമല ഉന്നതാധികാര സമിതിയിൽ നിന്നും പുറത്താക്കണമെന്ന് പന്തളം കൊട്ടാരം ; വെട്ടിലായി കോൺഗ്രസ് നേതൃത്വം

അങ്ങനെ ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തിൽ കോൺഗ്രസും കക്ഷിയായി.മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി കെ എ നായരുടെ പ്രസ്താവന ബി ജെ പി പ്രചരണായുധമാക്കുമെന്ന് ഉറപ്പായി. കോൺഗ്രസിന്റെ അഭിപ്രായമാണ് നായർ പറഞ്ഞതെന്നും സൂചനയുണ്ട്.
അറിയപ്പെടുന്ന കോൺഗ്രന് ബുദ്ധിജീവിയാണ് നായർ. എൻ എസ് എസുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഡൽഹിയിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതാവുമാണ് നായർ. സോണിയയും രാഹുലുമടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന നായർ അവരുടെ ശുപാർശ പ്രകാരമാണ് മൻമോഹന്റെ സെക്രട്ടറിയായത്. അക്കാലത്ത് ശബരിമല ഹൈപവർ കമ്മിറ്റിയുടെ നേത്യ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു.
ശബരിമല ഹൈപവർ കമ്മിറ്റി ടി കെ എ നായരുടെ താത്പര്യപ്രകാരം ഉണ്ടാക്കിയതാണ്. രാജ്യത്തിന് അകത്തും പുറത്തും നിന്ന് അനേകായിരങ്ങളെ ഒത്തൊരുമിപ്പിച്ച് സംഭാവന വാങ്ങിയതും നായരാണ്. സംസ്ഥാനത്തിന് പുറത്തുള്ള നിരവധി വ്യവസായികൾ ക്ഷേത്രത്തിന് വേണ്ടി പണം മുടക്കാൻ രംഗത്തെത്തി. എന്നാൽ ടി കെ എ നായർ ഇതുവരെ ചെയ്തതെല്ലാം ആവിയായി. ശബരിമല വികസനം ഏതുവിധേനയും നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങിയ ടി കെ എ നായർ വല്ലാത്ത പ്രതിസന്ധിയിലാണ് എത്തിചേർന്നത്.
യഥാർത്ഥത്തിൽ 41 ദിവസത്തെ വ്രതമാണ് വിവാദമായത്. സ്ത്രീകളല്ല ആരും 41 ദിവസം വ്രതം എടുക്കാറില്ലെന്നാണ് റ്റി കെ എ നായർ പറഞ്ഞത്. താൻ വ്രതം എടുക്കാതെ ശബരിമലയിൽ പോയിട്ടുണ്ടെന്നും അപ്പോൾ പതിനെട്ടാം പടി ചവിട്ടിയിട്ടില്ലെന്നും ടി കെ എ നായർ പറഞ്ഞു, 41 ദിവസത്തെ വ്രതത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് താനും കുടുംബവും വ്രതവെടുത്ത് ശബരിമലയിൽ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടി കെ എ നായർ ഒരു കോൺഗ്രസ് നേതാവല്ല. എന്നാൽ കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫിസിലെ പ്രധാനി എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ശ്രദ്ധിക്കപ്പെടും. നായരെ ശബരിമല ഉന്നതാധികാര സമിതിയിൽ നിന്നും പുറത്താക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. ടി കെ എ ആകട്ടെ തന്റെ നിലപാടിൽ അയവു വരുത്താൻ തയ്യാറായില്ല. സ്വാഭാവികമായും അദ്ദേഹത്തിന്റെ അഭിപ്രായം കോൺഗ്രസിന്റെ ഔദ്യോഗിക അഭിപ്രായമായി വ്യാഖ്യാനിക്കപ്പെടും. ഏതായാലും കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. സുപ്രീം കോടതി വിധി പറയുന്നതിന് തൊട്ടുമുമ്പ് ഇത്തരത്തിൽ ടി കെ എ നായർ അഭിപ്രായം പറഞ്ഞത് ദുരുഹമാണെന്ന് പന്തളം കൊട്ടാരം ആരോപിച്ചു. നായർ ഏറെ നാളുകളായി ഡൽഹിയിൽ ജീവിക്കുന്നയാളാണ്. അദ്ദേഹത്തിന് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ശക്തിയായ സ്വാധീനമുണ്ട്. പന്തളം കൊട്ടാരത്തിന്റെ പ്രസ്താവനയിൽ നിന്നും കോടതിയുടെ തീരുമാനം എങ്ങനെ വരുമെന്ന് ഊഹിക്കാവുന്നതാണ്.
മീശ നോവൽ വിവാദത്തിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പ്രതികരിക്കാതിരിക്കുകയാണ് കോൺഗ്രസ്. കേരള സർക്കാർ രണ്ടു കാര്യത്തിലും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. രണ്ടും ഹൈന്ദവ വിരുദ്ധമാണെന്ന ആക്ഷേപമാണുണ്ടായിരിക്കുന്നത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നത് ആചാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേര് അയ്യപ്പൻ കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 1940 ൽ തന്റെ അമ്മ അവരുടെ മടിയിലിരുത്തിയാണ് തനിക്ക് മലയിൽ ചോറു തന്നതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ തിരുവിതാംകൂർ രാജ്ഞി മല ചവിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























