നടിയെ ആക്രമിച്ച കേസ് ഭംഗിയായി നടത്തുന്ന സ്‌പെഷ്യല്‍ പബ്ളിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അമ്മയുടെ ആവശ്യം നടി എതിര്‍ത്തു, കേസില്‍ ഇവര്‍ കക്ഷി ചേരുന്നതിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയിലെ രണ്ട് നടികള്‍ കക്ഷിചേരുന്നതില്‍ ദുരൂഹതയെന്ന് ആക്ഷേപം. കേസില്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നും 25 വര്‍ഷം പരിചയമുള്ള പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതിനെതിരെ ആക്രമണത്തിനിരയായ നടി രംഗത്തെത്തി. താന്‍ അമ്മയില്‍ അംഗമല്ലെന്നും തനിക്ക് ആരുടെയും സഹായം വേണ്ടെന്നും നടി വ്യക്തമാക്കി. തന്നോട് ആലോചിച്ചിട്ടാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും അദ്ദേഹം കേസ് നന്നായി നടത്തുന്നുണ്ടെന്നും നടി വ്യക്തമാക്കി. അമ്മയിലെ നടികള്‍ കേസില്‍ കക്ഷിചേരുന്നതിനെയും നടി എതിര്‍ത്തു. ഇത് അമ്മയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.
അമ്മയിലെ നടിമാരായ ഹണിറോസും രചനാ നാരായണന്‍ കുട്ടിയും നല്കിയ ഹര്‍ജി നടിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. നടിക്കൊപ്പമെന്ന വ്യാജേന കേസ് പൊളിക്കാനുള്ള നീക്കമാണ് അമ്മ നടത്തുന്നതെന്ന് പലകോണില്‍ നിന്നും ആക്ഷേപം ഉന്നയിച്ചിരുന്നു. നിലവിലുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ശക്തനാണ്. ദിലീപിനെതിരെ ശക്തമായ നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നത്. ആര്‍ക്കും വഴങ്ങാത്ത ഈ പ്രോസിക്യൂട്ടറെ മാറ്റാന്‍ വേണ്ടിയാണ് 25 വര്‍ഷത്തിലധികം പരിചയമുള്ള പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്.
കേസിന്റെ വിചാരണ പലവിധത്തില്‍ നീട്ടിക്കൊണ്ട് പോകുന്ന ദിലീപിന് സഹായമാകുന്നതാണ് അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണന്‍കുട്ടിയുടെയും ഹണി റോസിന്റെയും ഹര്‍ജി. അമ്മയെ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ചിലരാണ് നടിമാരെ കൊണ്ട് ഈ ഹര്‍ജി കൊടുപ്പിച്ചെന്ന ആക്ഷേപവും ശക്തമാണ്. പല തരത്തിലുള്ള രേഖകള്‍ പലതവണ ആവശ്യപ്പെട്ട് ദിലീപ് വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























