കീഴാറ്റൂര്‍ സമരക്കാരുമായി മാത്രം ചര്‍ച്ച നടത്തിയ കേന്ദ്രത്തിന്റെ നടപടി തെറ്റ്: കേരളത്തില്‍ റോഡ് വികസനം തടയാന്‍ ആര്‍.എസ്.എസ് സംഘടനാപരമായി ഇടപെടുകയാണെന്ന് മുഖ്യമന്ത്രി

കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവരുമായി മാത്രംചര്‍ച്ച നടത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സമരക്കാരുമായി ചര്‍ച്ച നടത്തിയത് തെറ്റാണെന്ന് പിണറായി പറഞ്ഞു.
ഫെഡറലിസത്തിന് എതിരായ നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേന്ദ്രവുമായുള്ള സംസ്ഥാനത്തിന്റെ ബന്ധം തകര്‍ക്കുന്നതാണിത്. കേരളത്തോടുള്ള അവഗണനയ്ക്ക് മലയാളിയായ കേന്ദ്ര മന്ത്രിയും കൂട്ടുനിന്നു. കേരളത്തില്‍ റോഡ് വികസനം തടയാന്‍ ആര്‍.എസ്.എസ് സംഘടനാപരമായി ഇടപെടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിച്ചു. ബി.ജെ.പി രാഷ്ട്രീയം കളിക്കുയാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പി കിളികളെ പിടിക്കാനുള്ള ശ്രമത്തിലാണ്. ബൈപ്പാസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. സമര സമിതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കും.
കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരാണ് ഭരണം നടത്തുന്നത് അല്ലാതെ രാഷ്ട്രപതി ഭരണമല്ലെന്നും കോടിയേരി ഓര്‍മിപ്പിച്ചു. കീഴാറ്റൂര്‍ പാതയുടെ അലൈന്‍മെന്റ് തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരാണ്. പാതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായാണ് ചര്‍ച്ച ചെയ്യേണ്ടത്. സംസ്ഥാനത്തെ അറിയിക്കാതെയും കേരളത്തിന്റെ പ്രതിനിധികളാരുമില്ലാതെയും ഈ വിഷയം സമരക്കാരുമായി ചര്‍ച്ച ചെയ്തത് തിരഞ്ഞെടുപ്പിലെ വോട്ട് മുന്നില്‍ കണ്ടാണെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha


























