ആ ദിവസങ്ങളിൽ കൃഷ്ണൻ വളരെ അസ്വസ്ഥമായിരുന്നു... പ്രതിവിധി തേടി കൊല്ലപ്പെടുന്നതിന് മുൻപുള്ള ഏതാനും ദിവസങ്ങളിലായി കൃഷ്ണന്‍ മൂന്നു ജ്യോത്സ്യന്മാരെ സമീപിച്ചിരുന്നു... ഫലിക്കാതെപോയ ആഭിചാരക്രിയ ഉറ്റവരുടെ ഉയിരെടുത്തപ്പോൾ; കമ്പകക്കാനം കൂട്ടകൊലപാതകം കൂടുതൽ വിവരങ്ങൾ പുറത്ത്...

കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. തമിഴ്‌നാട്ടില്‍ നിധിശേഖരം കണ്ടെത്തി നല്‍കാമെന്നു കൃഷ്ണന്‍ ചിലരോടു പറഞ്ഞിരുന്നു എന്ന അഭ്യൂഹത്തിനു പിന്നാലെയാണു അന്വേഷണ സംഘം. ഞായറാഴ്ച രാത്രിയായിരുന്നു കൂട്ടക്കൊലപാതകം. തന്റെ ആഭിചാരക്രിയകള്‍ ഫലിക്കാത്തതിനു പ്രതിവിധി തേടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കൃഷ്ണന്‍ മൂന്നു ജ്യോത്സ്യന്മാരെ സമീപിച്ചിരുന്നു.
കൃഷ്ണന്‍ വളരെ വ്യാകുലപ്പെട്ടിരുന്നെന്നും തന്നെ കാണാനെത്തുന്നവരോട് എന്തു പറയണമെന്ന് അറില്ലെന്നു പറഞ്ഞിരുന്നെന്നും ഇവര്‍ പോലീസിനു മൊഴി നല്‍കി. ആഭിചാരത്തിനായി തനിക്കു പണം നല്‍കിയ ഇവര്‍ എത്തുന്നതിനു മുമ്പ് ദോഷപരിഹാരത്തിനായിരുന്നു കൃഷ്ണന്റെ ശ്രമം. ഞായറാഴ്ച എത്തുമെന്നു മന്ത്രവാദത്തെച്ചൊല്ലി തര്‍ക്കമുള്ള സംഘം കൃഷ്ണനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നു പോലീസ് അനുമാനിക്കുന്നു. ഇവരെ സ്വീകരിച്ച് വീട്ടിനുള്ളില്‍ കയറ്റിയിരുത്തി. തുടര്‍ന്നുണ്ടായ തര്‍ക്കവും വഴക്കുമാണു കൂട്ടക്കൊലപാതകത്തില്‍ എത്തിയത്.
ആക്രമിക്കപ്പെടുമെന്നു ഭയന്നിരുന്ന കൃഷ്ണന്‍ വീട്ടിലെ ഓരോ മുറിയിലും ആയുധങ്ങള്‍ കരുതിവച്ചിരുന്നു. ഇവയാണു കൃഷ്ണനെയും ഭാര്യയെയും രണ്ടു മക്കളെയും വകവരുത്താന്‍ കൊലയാളികള്‍ ആയുധമാക്കിയത്. തോരാമഴയുടെ ഇരമ്പത്തില്‍ നിലവിളി പുറത്തുകേട്ടില്ല. വീട്ടില്‍നിന്നു വടിവാള്‍, കമ്പിവടി തുടങ്ങിയ ആയുധങ്ങള്‍ക്കു പുറമേ വെള്ളി പൂശിയ ദണ്ഡുകള്‍, മാന്‍കൊമ്പില്‍ നിര്‍മ്മിച്ച കഠാര, പുലിനഖം എന്നിവയും കണ്ടെത്തി. ഇത് മന്ത്രവാദ ക്രിയകള്‍ക്കായി തയാറാക്കിയതാകാം.
കൊലയാളി സംഘാംഗങ്ങളുടേതെന്നു കരുതുന്ന പതിനാലോളം വിരലടയാളങ്ങള്‍ പോലീസിനു ലഭിച്ചു. സംഭവദിവസം കൃഷ്ണന്‍ നടത്തിയ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും അന്വേഷണത്തില്‍ സഹായകമാകുന്ന ഒന്നും ലഭിച്ചില്ല. കൃഷ്ണന്റെ ഫോണില്‍നിന്ന് ഒരു മണിക്കൂറോളം നീണ്ട ഒരു ഫോണ്‍ കോള്‍ മകള്‍ ആര്‍ഷ തന്റെ സുഹൃത്തിനെ വിളിച്ചതാണെന്നു കണ്ടെത്തി. സംഭവം നടന്ന ഞായറാഴ്ച രാത്രി 10.58 വരെ ആര്‍ഷ വാട്‌സ് ആപ്പ് ഉപയോഗിച്ചിരുന്നു.
അത് ആശയവിനിമയങ്ങളായിരുന്നില്ലെന്നും തമാശ രൂപത്തിലുള്ള സന്ദേശങ്ങളായിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചു. ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുള്ളതുകൊണ്ടു സമീപത്തെ ആശുപത്രികളില്‍ ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. കൊലയാളിസംഘം കുളികഴിഞ്ഞാണു കൃഷ്ണന്റെ വീട്ടില്‍ നിന്നു മടങ്ങിയത്. ഭിത്തിയില്‍ പുരണ്ട രക്തക്കറ കഴുകി വൃത്തിയാക്കിയിരുന്നു.
ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, തൊടുപുഴ, കാളിയാർ, കാഞ്ഞാർ, കഞ്ഞിക്കുഴി, ഇടുക്കി പൊലീസ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha


























