സൗഹാർദപരമായി ചർച്ച നടത്തി മടങ്ങിയ സംഘം പുറത്തിറങ്ങി തെറ്റിധരിപ്പിക്കുംവിധം സംസാരിച്ചതു തന്നെ അദ്ഭുതപ്പെടുത്തി ; സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനറെ വാദത്തിനെതിരെ വ്യക്തമായ മറുപടിയുമായി കണ്ണന്താനം

അൽഫോൻസ് കണ്ണന്താനത്തിൽ നിന്നും സംസ്ഥാനത്തിന് ഒന്നും കിട്ടുന്നില്ല എന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനറെ വാദത്തിനെതിരെ വ്യക്തമായ മറുപടിയുമായി കണ്ണന്താനം. താൻ നടത്തിയ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് കണ്ണന്താനത്തിൻെറ മറുപടി. കേരളം സമർപ്പിച്ച പദ്ധതികൾ കേന്ദ്രം വൈകിക്കുന്നുവെന്ന കടകംപള്ളിയുടെ ആരോപണത്തിനാണ് മറുപടി. സാധ്യമായതിലുമേറെ പദ്ധതികൾ അനുവദിച്ചിട്ടും അതൊന്നും സമയത്തു തീർക്കാതെ ആരോപണം ഉന്നയിച്ചു നടക്കുന്നതു ശരിയല്ലെന്ന് കണ്ണന്താനം പറഞ്ഞു.
സൗഹാർദപരമായി ചർച്ച നടത്തി മടങ്ങിയ സംഘം പുറത്തിറങ്ങി തെറ്റിധരിപ്പിക്കുംവിധം സംസാരിച്ചതു തന്നെ അദ്ഭുതപ്പെടുത്തി. ചരിത്രത്തിൽ ഒരിക്കലുമുണ്ടാവാത്തവിധം 400 കോടി രൂപയുടെ പദ്ധതികളാണു നാലുവർഷത്തിനിടെ കേരളത്തിനു നൽകിയത്. ഫണ്ട് അനുവദിച്ച ആറന്മുളയിലെയും ശബരിമലയിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെയും എരുമേലിയിലെയും പദ്ധതികൾ ഇനിയും തീർക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടില്ല. ഗുരുവായൂർ പദ്ധതിയുടെ കാര്യത്തിലും ഒന്നും നടന്നിട്ടില്ല. ശ്രീനാരായണഗുരു ആത്മീയ ടൂറിസം പദ്ധതിയുടെ കാര്യത്തിലും വീഴ്ച സംസ്ഥാന സർക്കാരിന്റെ ഭാഗത്താണ്. ശിവഗിരി സമർപ്പിച്ച നിർദേശത്തിൽ സംസ്ഥാനസർക്കാർ ചിലതു കൂട്ടിച്ചേർത്തതോടെ ബജറ്റ് നൂറുകോടി രൂപ കടന്നു. ഇതനുവദിക്കാൻ പ്രയാസമുണ്ട്. നിർദേശം 100 കോടി രൂപയിൽ താഴെയാക്കി നൽകാൻ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.
https://www.facebook.com/Malayalivartha
























