നാളെ നമ്മുടെ അമ്മ പെങ്ങന്മാർക്ക് കണ്മുന്നിൽ ഈ ഗതിവരാതിരിക്കട്ടെ!! ആലപ്പുഴ ബീച്ചില്‍ പ്രതികരണശേഷി നഷ്ടപ്പെട്ട ആളുകൾക്കിടയിൽ നവവധുവിനെ കടന്നു പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറി യുവാക്കൾ; രക്ഷിക്കാൻ ഓടിയെത്തിയ ഭർത്താവിനെ മത്സ്യം കുത്തിയെടുക്കുന്ന കമ്പി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചും മർദ്ദിച്ചും ഭയപ്പെടുത്തിയും കാട്ടാളന്മാർ... അക്രമി സംഘത്തിന്റെ വീഡിയോ പുറത്ത്

കൊടുംക്രൂരതയാണ് ആറാട്ടുപുഴ ബീച്ചിൽ കഴിഞ്ഞ ദിവസം സംഭവിച്ചത്. ബീച്ചിലെത്തിയ നവദമ്പതികൾ ഉൾപ്പെട്ട കുടുംബത്തെ കടപ്പുറത്ത് ആക്രമിക്കുകയും സ്ത്രീകളെ കടന്നുപിടിക്കുകയും ചെയ്തത് അതിക്രൂരമായാണ്. ഇതിൽ നാല് പേർ പൊലീസ് പിടിയിലായി. രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച വൈകിട്ട് ആറാട്ടുപുഴ വലിയഴീക്കൽ കടപ്പുറത്ത് നടന്ന സംഭവത്തിൽ വലിയഴീക്കൽ കരിയിൽ കിഴക്കതിൽ അഖിൽ (ഉണ്ണിക്കുട്ടൻ-19), തറയിൽക്കടവ് തെക്കിടത്ത് അഖിൽദേവ് (അനിമോൻ-18), കരുനാഗപ്പള്ളി തഴവ കടത്തൂർ അമ്പാടിയിൽ ശ്യാം (20), സഹോദരൻ ശരത് (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഗുണ്ടായിസത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കടൽ കാണാൻ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ യുവതിയെ ആണ് നാലംഗ സംഘം അക്രമിച്ചത്. യുവതിയോട് സംഘത്തിലെ ഒരാൾ അപമര്യാദയായി പെരുമാറിയതു ഭർത്താവ് ചോദ്യം ചെയ്തതാണ് അക്രമത്തിന് തുടക്കം. യുവതിയുടെ ദേഹത്ത് കടന്ന് പിടിച്ചതോടെ ഇവർ നിലവിളിച്ചു. യുവതിയുടെ ഭർത്താവിന്റെ കൺമുൻന്നിൽ നടന്ന സംഭവത്തിൽ പ്രതികരിച്ചതോടെയാണ് ഭർത്താവിനെയും സഹോദരനെയും ആക്രമിച്ചത്.
ഭർത്താവിനെയും ഭർതൃസഹോദരനെയും മർദിക്കുകയും മത്സ്യം കുത്തിയെടുക്കുന്ന കമ്പി ഉപയോഗിച്ചു കുത്തുകയുമായിരുന്നു. വളഞ്ഞിട്ടുള്ള ആക്രമണത്തിൽ കുടുംബാംഗങ്ങൾ ഏറെ പരിഭ്രാന്തരായിരുന്നു. അക്രമം നടത്തിയ യുവാക്കൾ ഇവരെ കൊണ്ട് മാപ്പ് പറയിക്കുകയും ഇനി ഇവിടെ നിന്നാൽ എല്ലാത്തിനെയും അടിച്ചു നിലം പരിശാക്കുമെന്നും ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ കുടുംബം വേഗം തന്നെ ഇവിടെ നിന്നും രക്ഷപെട്ടു.
എന്നാൽ അക്രമി സംഘം ഫോണിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് കൊച്ചീടെ ജട്ടി പാലത്തിൽ ഇവർ സഞ്ചരിച്ച കാർ മറ്റു രണ്ടുപേർ തടഞ്ഞു നിർത്തി. ഇവരുടെ പുറകെ എത്തിയ സംഘം ഭർത്താവിനെ പിന്നിൽനിന്നു പിടിച്ചുനിർത്തുകയും എന്തായാലും കേസാകും എന്നാൽ പിന്നെ ഇതു കൂടി ചേർത്തുകൊടുത്തോ എന്ന് പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തു. യുവാവിനെ പിടിച്ചു നിർത്തിയിരുന്നവരും പിന്നീടു സ്ത്രീയെ ഉപദ്രവിച്ചു. ഒടുവിൽ ഒപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണമാല പൊട്ടിച്ചെടുത്തു ഇവർ കടന്നു കളയുകയായിരുന്നു.
ഒൻപതു ദിവസം മുൻപു വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. അതേ സമയം കടപ്പുറത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നിട്ടും ആരും ഇവരെ സഹായിക്കാൻ എത്തിയില്ല. തിങ്കളാഴ്ചയാണ് ദമ്പതികൾ തൃക്കുന്നപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. ഇതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കടപ്പുറത്തെത്തിയ ഒരാൾ ഇവരെ അക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് കണ്ടെത്തി.
ഇതിൽ നിന്നും പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നാലുപേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. മറ്രു രണ്ട് പേർക്കായുള്ള അന്വേഷണം പുരോഗമിച്ചു വരികയാണ്. തൃക്കുന്നപ്പുഴ എസ്ഐ പി.ടൈറ്റസ്, അഡീ.എസ്ഐ പി. രഘുനാഥ്, സിപിഒ മാരായ ഉദയകുമാർ, മണിക്കുട്ടൻ,സിബിലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി തഴവ സ്വദേശികളായ ശ്യാമും ശരതും അമ്മാവന്റെ വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ്. അറസ്റ്റിലായ നാലു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറെ സന്ദർശകർ എത്താറുള്ള ആറാട്ടുപുഴ വലിയഴീക്കൽ കടൽത്തീരവും ഇവിടുത്തെ ബ്രേക്ക് വാട്ടർ സംവിധാനത്തിന്റെ പുലിമുട്ടും ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും മദ്യപരുടെയും മറ്റു സാമൂഹിക വിരുദ്ധരുടെയും താവളമായി മാറുകയാണ്. ഇവിടെ കടൽ കാണാനും തീരത്തു വിശ്രമിക്കാനും എത്തുന്നവരെ അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവങ്ങൾ നേരത്തേയും പല തവണ ഉണ്ടായിട്ടുണ്ട്. പലരും മാനക്കേട് ഭയന്ന് പൊലീസിൽ പരാതി നൽകാൻ ആരും തയാറാകാഞ്ഞതു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ വർധിക്കാൻ ഇടയാക്കുകയാണ്. ഇവരുടെ ഭീഷണി മൂലമാണു നാട്ടുകാർ പോലും ചോദ്യം ചെയ്യാത്തത്.
ദൂരെ സ്ഥലങ്ങളിൽ നിന്നു വാഹനങ്ങളിലെത്തിയും ലഹരിസംഘങ്ങൾ ഇവിടെ ഭീതി വിതയ്ക്കുന്നുണ്ട്. ലഹരിമരുന്നിന്റെയും കഞ്ചാവിന്റെയും വിൽപനയുടെ കേന്ദ്രമായി ബ്രേക്ക് വാട്ടർ സംവിധാനത്തിന്റെ പുലിമുട്ട് മാറിയതോടെ ഇവിടേക്കു പോകാൻ പലരും മടിക്കുന്നു. പുലിമുട്ടിൽ സംഘം ചേർന്നു മദ്യപാനം പതിവാണ്. പുലിമുട്ടിനു 350 മീറ്റർ നീളമുള്ളതിനാൽ ദൂരെ നിന്നു നോക്കിയാൽ വേഗം ശ്രദ്ധയിൽപ്പെടില്ല. ഈ സമയത്ത് അവിടേക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. പുലിമുട്ടിനു സമീപമുള്ള ജീർണാവസ്ഥയിലുള്ള പഴയ കെട്ടിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടും ഏറെക്കാലമായി.കായംകുളം കായലിൽ കൊച്ചീടെജെട്ടി പാലം നിർമ്മിച്ചതോടെ വേഗം ഇവിടെ എത്താമെന്നതു സന്ദർശകരുടെ എണ്ണം വർധിപ്പിച്ചു. അതോടെ സാമൂഹിക വിരുദ്ധശല്യവും വർധിക്കുകയായിരുന്നു.
പാലത്തിലെ തൊണ്ണൂറിലേറെ വരുന്ന തെരുവുവിളക്കുകൾ കത്താത്തതു രാത്രികാലത്തു സാമൂഹിക വിരുദ്ധർക്ക് സഹായകമാവുന്നു. വലിയഴീക്കലിൽ ആലപ്പുഴ, കൊല്ലം ജില്ലകളെ ബന്ധപ്പെടുത്തി പാലം നിർമ്മിക്കുന്നുണ്ട്. ലൈറ്റ്ഹൗസിന്റെ ജോലികളും പുരോഗതിയിലാണ്. സ്‌കൂളുകളും മറ്റു പല സർക്കാർ സ്ഥാപനങ്ങളും ഇവിടെയുണ്ട്. പൊലീസ് ഇവിടങ്ങളിൽ പകലും രാത്രിയിലും പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൊച്ചീടെജെട്ടി പാലവും സാമൂഹിക വിരുദ്ധർ കയ്യടക്കി. പകൽസമയത്തു പോലും പലരും പാലത്തിലിരുന്നു മദ്യപിക്കുന്നതു പതിവുകാഴ്ചയാണ്.
തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന്റെ പരിധിയിൽപെടുന്ന പ്രദേശമാണിത്. വലിയഴീക്കലിൽ നിന്നു തൃക്കുന്നപ്പുഴയ്ക്കു പതിനഞ്ചു കിലോമീറ്ററോളം ദൂരമുണ്ട്. വിവരമറിഞ്ഞു പൊലീസെത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതിയാണ് അതിനാൽ ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമാണ്.
https://www.facebook.com/Malayalivartha
























