കാലവർഷക്കെടുതിയിൽ 8316 കോടിയുടെ നഷ്ടം; സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്; അടിയന്തിരമായി 1220 കോടി രൂപ വേണമെന്ന് കേരളം

പ്രളയ ദുരിതമനുഭവിക്കുന്നവരെ കാണാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംസ്ഥാനത്തിന് പൂർണ്ണ പിന്തുണ അറിയിച്ചു. കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരമാണെന്നും സർക്കാർ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനുണ്ടാകുമെന്നും മഴക്കെടുതിയെ കേന്ദ്ര-കേരള സർക്കാരുകൾ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി എളന്തിക്കര എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ കേന്ദ്ര മന്ത്രി ഇടുക്കി, ചെറുതോണി, ഡാമുകളും മറ്റ് ദുരിത ബാധിത പ്രദേശങ്ങളും ഹെലിക്കോപ്റ്ററിലൂടെ വീക്ഷിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തി. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും രാജ്നാഥ് സിങ്ങിനൊപ്പമുണ്ടായിരുന്നു.
ദുരിത ബാധിതർക്കൊപ്പം സർക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലവർഷക്കെടുതിയിൽ 8316 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നും അടിയന്തിര സഹായമായി 1220 കോടി ധനസഹായവും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജ്നാഥ് സിങ്ങിന് നിവേദനം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള സമയത്തെ പ്രശ്നങ്ങൾ നേരിട്ടതുപോലെ വെള്ളം ഇറങ്ങിയതിന് ശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
https://www.facebook.com/Malayalivartha
























