ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു

ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യവസായം യുവജനക്ഷേമം കായികം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. പാര്‍ട്ടിയ്ക്കായി നീണ്ട ത്യാഗം ചെയ്ത ജയരാജന് അര്‍ഹിക്കുന്ന അംഗീകാരമാണ് ഈ മന്ത്രി പദവി.
അന്നും ഇന്നും എന്നും പിണറായി വിജയന്റെ കറകളഞ്ഞ വിശ്വസ്തനാണ് ഇ.പി. ജയരാജന്‍. ആ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ തൊട്ടടുത്ത കസേരയില്‍ ജയരാജനുണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചതില്‍ അത്ഭുതമേതുമില്ല. പക്ഷേ, ബന്ധുനിയമന വിവാദം ഉയര്‍ന്ന് മന്ത്രിസഭയുടെ പ്രതിച്ഛായയെ ഉലയ്ക്കുമെന്നായപ്പോള്‍ പിണറായി വിജയന്‍ തന്നെ പറഞ്ഞ് ജയരാജന്‍ പുറത്ത് പോയപ്പോള്‍ കണ്ണൂര്‍ സി.പി.എമ്മിനെ അടുത്തറിയാവുന്ന ചിലരെങ്കിലും അദ്ഭുതപ്പെട്ടിട്ടുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് മങ്ങലേല്പിക്കുന്ന വിവാദമെന്ന് പാര്‍ട്ടി വിലയിരുത്തിയപ്പോള്‍ ജയരാജനെ തല്‍ക്കാലത്തേക്കെങ്കിലും മാറ്റിനിറുത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായെന്ന് വിശ്വസിക്കാനാകും ഇ.പി. ജയരാജനും ഇഷ്ടം. രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായതിലും, പിന്നീട് കുറ്റവിമുക്തനായി തിരിച്ചെത്തിയിട്ടും മന്ത്രിസ്ഥാനം അകന്നുനിന്നതില്‍ നീരസം ഉള്ളിലുണ്ടായപ്പോഴും മുഖ്യമന്ത്രിയെ ഒരിക്കല്‍പോലും ഇ.പി. ജയരാജന്‍ സംശയിച്ചിട്ടില്ല, മറ്റ് പലര്‍ക്കുമെതിരെ ഒളിയമ്പുകളെയ്തപ്പോഴും.
വിജിലന്‍സ് കേസില്‍ കുറ്റവിമുക്തനായി ആറ് മാസത്തിലേറെ പിന്നിടുമ്പോള്‍ ഇ.പി. ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള കടന്നുവരവിന് കളമൊരുക്കിയതും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. പാര്‍ട്ടികമ്മിറ്റികളില്‍ ജയരാജന്റെ പുന:പ്രവേശനം ചര്‍ച്ചയാക്കാന്‍ മുന്‍കൈയെടുത്തത് പിണറായി ആയതുകൊണ്ടുതന്നെയാകും ചര്‍ച്ച ചെയ്യുന്നത് വരെയും സെക്രട്ടേറിയറ്റംഗങ്ങളില്‍ ഭൂരിഭാഗം പേരും ഇതേക്കുറിച്ച് അജ്ഞരായിരുന്നതെന്ന് കരുതണം.
മന്ത്രിസഭ അധികാരമേറ്റ് 142ാം ദിവസം രാജിവച്ച് ഇറങ്ങിപ്പോകേണ്ടി വന്നത് ഉറ്റ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചുവെന്ന പഴി കേട്ടുകൊണ്ടാണ്. സി.പി.എമ്മിനകത്തും പുറത്തും ഇത് വിവാദം കെട്ടഴിച്ചുവിട്ടപ്പോള്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വന്ന ജയരാജന്‍ പക്ഷേ, ഒരു വര്‍ഷവും പത്ത് മാസവും പിന്നിട്ട ശേഷം വര്‍ദ്ധിതവീര്യത്തോടെയാണ് പഴയ പരിവേഷവുമായി തിരിച്ചെത്തുന്നത്.
https://www.facebook.com/Malayalivartha
























