മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകും; പ്രളയബാധിത പ്രദേശങ്ങളില്‍ സന്നദ്ധ സേവനത്തിന് തയ്യാറായി പി.ജി. ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം: ദുരിതബാധിത പ്രദേശങ്ങളില്‍ സന്നദ്ധ സേവനം ചെയ്യാന്‍ തയ്യാറായി പി.ജി. ഡോക്ടര്‍മാരുടെ സംഘടനയായ കെ.എം.പി.ജി.എ. ഭാരവാഹികളായ ഡോ. രാഹുല്‍ യു.ആര്‍., ഡോ. ഗണേഷ് കുമാര്‍, ഡോ. രോഹിത് കൃഷ്ണ എന്നിവര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ചാണ് സന്നദ്ധത അറിയിച്ചത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നാണ് സന്നദ്ധ പ്രവര്‍ത്തകരായ പി.ജി. ഡോക്ടര്‍മാരെ കണ്ടെത്തുന്നത്. ആ ലിസ്റ്റ് എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കുന്നു. അവരുടെ നിര്‍ദേശാനുസരണമാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
ഇതോടൊപ്പം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സംഭാവനയും നല്‍കുന്നതാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നു മാത്രം രണ്ടര ലക്ഷം രൂപയാണ് സ്വരൂപിച്ചത്.
പി.ജി. വിദ്യാര്‍ത്ഥികളുടെ മെറ്റേണിറ്റി ലീവ്, മുലയൂട്ടുന്ന അമ്മമാരായ ജൂനിയര്‍ ഡോക്ടര്‍മാരുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ക്രഷ് സംവിധാനം എന്നിവ സംബന്ധിച്ചും മന്ത്രിയുമായി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഈ കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























