പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ എസ് ഐയുടെ കള്ളയൊപ്പ് ഇട്ടു വിട്ടുകൊടുത്ത പൊലീസുകാരനു സസ്‌പെന്‍ഷന്‍

കൊല്ലം, ചാത്തന്നൂരില്‍ ഡ്രൈവറുടെ പക്കല്‍ നിന്നു പണം വാങ്ങി എസ്‌ഐയുടെ കള്ളയൊപ്പ് ഇട്ട് ഓട്ടോറിക്ഷ വിട്ടുകൊടുത്ത സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനു സസ്‌പെന്‍ഷന്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വി.ആര്‍.ദിലീപിനെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ജില്ലാ അതിര്‍ത്തിയിലെ കടമ്പാട്ടുകോണത്ത് പരിശോധനയ്ക്കിടെ മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറെയും ഓട്ടോറിക്ഷയും എസ്‌ഐ കഴിഞ്ഞ 16-ന് പിടികൂടിയിരുന്നു. സമാന കേസില്‍ ഒന്നിലധികം തവണ ഇയാളെ പിടികൂടിയിട്ടുള്ളതിനാല്‍ ഓട്ടോറിക്ഷ കോടതിയില്‍ ഹാജരാക്കുന്നതിനും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ റിപ്പോര്‍ട്ട് ആര്‍ടി ഓഫിസ് അധികൃതര്‍ക്കു നല്‍കുന്നതിനും ജി ഡി ചാര്‍ജ് ചുമതലയുണ്ടായിരുന്ന ദിലീപിനെ ചുമതലപ്പെടുത്തി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷ സ്‌റ്റേഷന്‍ വളപ്പില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് എസ്‌ഐ തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. ഡ്രൈവറുടെ പക്കല്‍ നിന്ന് 1,000 രൂപ വാങ്ങിയശേഷമാണ് എസ്‌ഐയുടെ ഒപ്പിട്ട് ഓട്ടോറിക്ഷ വിട്ടുകൊടുത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























