ദുരന്തഭീതിയിൽ അകപ്പെട്ട കുട്ടികൾക്കും മുതിർന്നവർക്കും ആശ്വാസം പകർന്ന് നാടൻ പാട്ടുകൾ പാടി ചുവടുവച്ചും, സാന്ത്വന വാക്കുകൾ പറഞ്ഞും ക്യാമ്പുകളിൽ സിനിമാ താരങ്ങൾ...

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസം പകർന്ന് സിനിമാ താരങ്ങൾ. എംഎൽഎ വീണാ ജോർജിനൊപ്പമായിരുന്നു താരങ്ങളുടെ സന്ദർശനം.റിമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ, പാർവതി, ദർശന രവീന്ദ്രൻ, റോഷൻ മാത്യു, സിദ്ധാർഥ് ശിവ തുടങ്ങിയവരാണ് വല്ലന ടികെഎംഎംആർ സ്‌കൂളിൽ എത്തിയത്.
ഇന്നലെ രാവിലെ കളക്ടറേറ്റിൽ എത്തിയ താരങ്ങൾ ജില്ലാ കളക്ടർ പി.ബി. നൂഹുമായും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ സി.ജെ. ആന്റണിയുമായും കൂടിക്കാഴ്ച നടത്തി. ബാലാവകാശ കമ്മീഷന്റേയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ദിശ എന്ന സന്നദ്ധ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പുകളിൽ കഴിയുന്നവർക്ക് സാന്ത്വനമേകാൻ സിനിമാ താരങ്ങൾ എത്തിയത്.
ദുരന്തഭീതിയിൽ അകപ്പെട്ട കുട്ടികൾക്കും മുതിർന്നവർക്കും മാനസിക ഉല്ലാസം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ താരങ്ങൾ എത്തിയത്. കലയിലൂടെ സ്‌നേഹവും പ്രതീക്ഷയും നൽകി ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങളാൽ ആവുന്നത് ചെയ്യുമെന്ന് താരങ്ങൾ പറഞ്ഞു. നാടൻ പാട്ടുകൾ പാടി താരങ്ങൾ ചുവടു വച്ചതോടെ ക്യാമ്പിലുണ്ടായിരുന്ന കുട്ടികളും മുതിർന്നവരും അവരുടെ ദുഃഖങ്ങൾ മറന്ന് താരങ്ങൾക്കൊപ്പം ചേർന്നു. സ്‌ക്രീനിൽ മാത്രം കണ്ടു പരിചയമുള്ള താരങ്ങളെ നേരിൽ കണ്ടപ്പോൾ പ്രളയ കെടുതിയുടെ ദുരന്തങ്ങൾ ഒരു നിമിഷത്തേക്ക് എല്ലാവരും മറന്നു.
പ്രളയകെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പുതിയ പ്രതീക്ഷകൾ നൽകാൻ താരങ്ങളുടെ വരവ് സഹായകമായെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന കൗൺസലിംഗ് പരിപാടികളുടെ ഭാഗമായാണ് താരങ്ങളുമായി സംവദിക്കാനുള്ള അവസരം ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഒരുക്കിയത്.
കോഴഞ്ചേരി എം.ജി.എം.ഓഡിറ്റോറിയം, തിരുവല്ല ഗവ.ഗേൾസ് ഹൈസ്‌കൂൾ എന്നീ ക്യാമ്പുകളിൽ താരങ്ങൾ സന്ദർശനം നടത്തി.ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എ.ഒ അബീൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ സൂസമ്മ മാത്യു , ദിശ കോഓർഡിനേറ്റർ ദിനു, ഷാൻ രമേശ് ഗോപൻ, കൃഷ്ണകുമാർ, അമ്മുദീപ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























