ഓണാവധിയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും, പ്രളയബാധിത പ്രദേശങ്ങളില്‍ തുറക്കുന്ന സ്‌കൂളുകളില്‍ ആദ്യ രണ്ടു ദിവസം കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനമാകും നടത്തുകയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

ഓണാവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ 270 സ്‌കൂളുകള്‍ ഒഴികെയാണ് തുറക്കുന്നത്. ഇപ്പോഴും സ്‌കൂളുകളില്‍നിന്നും വെള്ളം ഇറങ്ങാത്തതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലാണ് സ്‌കൂളുകള്‍ തുറക്കാത്തത്.
ആലപ്പുഴ ജില്ലയില്‍ 217 സ്‌കൂളുകളാണ് തുറക്കാന്‍ കഴിയാത്തത്. കുട്ടനാട് മേഖലയില്‍ നൂറോളം സ്‌കൂളുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. സെപ്റ്റംബര്‍ മൂന്നോടെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് അധികൃതരുടെ നിലവിലുള്ള ശ്രമം. അധ്യയനം തുടങ്ങാന്‍ കഴിയാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍, പിടിഎ എന്നിവക്ക് നിര്‍ദേശമുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കു പകരം മറ്റു സൗകര്യങ്ങള്‍ കണ്ടെത്തി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണു ശ്രമിക്കുന്നത്. ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്കു മടങ്ങിയാല്‍ മാത്രമേ പഴയതുപോലെ ക്ലാസുകള്‍ ആരംഭിക്കാനാകൂ. പ്രളയബാധിത പ്രദേശങ്ങളില്‍ തുറക്കുന്ന സ്‌കൂളുകളില്‍ ആദ്യ രണ്ടു ദിവസം കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനമാകും നടത്തുകയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















