തീര്‍ഥാടകയുടെ കാലിനേറ്റ മുറിവിന് ചികിത്സ തേടി; പമ്പ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ചികിത്സപ്പിഴവ് ആരോപണം

ശബരിമല തീര്‍ഥാടകയുടെ കാലിനേറ്റ മുറിവിന് ചികിത്സിച്ചപ്പോള്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ചികിത്സപ്പിഴവ് ആരോപണം. സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍വച്ച് കെട്ടിയെന്ന് പരാതി. ആശുപത്രിയുടെ അനാസ്ഥയ്ക്ക് ഇരയായ നെടുമ്പാശേരി മൂഴിക്കല്‍ശാല ശ്രീലകം വീട്ടില്‍ പ്രീത ബാലചന്ദ്രന്‍ (55) പത്തനംതിട്ട ഡിഎംഒയ്ക്ക് പരാതി നല്‍കി.
ഈ മാസം 15 നായിരുന്നു സംഭവം. പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയോടൊപ്പം അയിരൂര്‍ വരെ പദയാത്രയായാണ് പ്രീത സഞ്ചരിച്ചത്. ദീര്‍ഘനേരം നടന്നതോടെ കാല്‍പാദത്തില്‍ രണ്ട് ചെറിയ കുമിളകള്‍ രൂപപ്പെട്ടു. തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച് ബസില്‍ പമ്പയിലേക്കു പോയി. എന്നാല്‍ ചികിത്സ ലഭിച്ചെങ്കില്‍ മാത്രമേ മുന്നോട്ടു നടക്കാന്‍ പറ്റുകയുള്ളൂ എന്നു വന്നതോടെ പമ്പ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് മുറിവ് കെട്ടിയ ശേഷം സന്നിധാനത്തെത്തി ദര്‍ശനം നടത്തി തിരികെ ഇറങ്ങി. വീണ്ടും നടന്നപ്പോള്‍ കാല്‍ നനഞ്ഞതുകൊണ്ട് ഒന്നു കൂടി കെട്ടിക്കാന്‍ വെളുപ്പിനെ നാലു മണിയോടെ പ്രീത വീണ്ടും ആശുപത്രിയിലെത്തി. ആ സമയം അവിടെ എല്ലാവരും ഉറക്കമായിരുന്നെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ച ശേഷം വീണ്ടും ഡ്രസ് ചെയ്യാന്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഇവിടെ നഴ്‌സുമാരുണ്ടായിരുന്നില്ലെന്ന് പ്രീത പറയുന്നു. നഴ്‌സിങ് അസിസ്റ്റന്റാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ലുങ്കിയും ഷര്‍ട്ടുമായിരുന്നു ഇയാളുടെ വേഷം. ഒട്ടും പ്രൊഫഷനല്‍ അല്ലാതെയുള്ള പെരുമാറ്റമായിരുന്നു ഇയാളുടേതെന്ന് പ്രീത പറയുന്നു. മുറിവ് അഴിച്ച് കുമിളയില്‍ വെള്ളക്കെട്ടുണ്ടെന്ന് പറഞ്ഞ് സൂചിയെടുത്ത് കുത്തുകയായിരുന്നു നഴ്‌സിങ് അസിസ്റ്റന്റ് ആദ്യം ചെയ്തത്. ഇത് കാലിന്റെ ഉള്ളില്‍ മാംസത്തില്‍ വരെ കൊണ്ടു. തുടര്‍ന്ന് മുറിവു കീറാനായി ഇയാള്‍ സര്‍ജിക്കല്‍ ബ്ലേഡ് എടുത്തതോടെ ശരിയായ രീതിയിലല്ല ചെയ്യുന്നതെന്ന് തോന്നിയതു കൊണ്ട് ഇനി ഒന്നും ചെയ്യേണ്ടെന്നും ഡ്രസ് ചെയ്താല്‍ മാത്രം മതിയെന്നും താന്‍ പറഞ്ഞെന്ന് പ്രീത വ്യക്തമാക്കി. തുടര്‍ന്ന് അവിടെ തുറന്നു വച്ചിരുന്ന ഓയിന്‍മെന്റ് ഇയാള്‍ മുറിവില്‍ പുരട്ടി. തുടര്‍ന്ന് ഡ്രസ് ചെയ്തു. ഇതിനിടയിലായിരിക്കാം സര്‍ജിക്കല്‍ ബ്ലേഡ് കുടുങ്ങിയത് എന്നാണ് കരുതുന്നതെന്ന് അവര്‍ പറഞ്ഞു.
വീട്ടിലെത്തി മുറിവ് അഴിച്ചു നോക്കിയപ്പോഴാണ് സര്‍ജിക്കല്‍ ബ്ലേഡിന്റെ ഒരു ഭാഗം ഡ്രസ് ചെയ്തതിന്റെ ഇടയില്‍ കണ്ടതെന്ന് അവര്‍ പറഞ്ഞു. പ്രമേഹ രോഗിയായതിനാല്‍ മുറിവിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചതുകൊണ്ടാണ് ഇതു കണ്ടെത്താന്‍ പറ്റിയതെന്നും അവര്‍ പറഞ്ഞു. പിന്നാലെ ഡിഎംഒ യ്ക്ക് പരാതി നല്‍കി. അവിടെ നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു എന്നും പ്രീത പറഞ്ഞു. മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടകര്‍ ആശ്രയിക്കുകയും സര്‍വസമയവും സജ്ജമായിരിക്കുകയും ചെയ്യേണ്ട ആശുപത്രിക്കെതിരെയാണ് ഗുരുതരമായ അനാസ്ഥ ആരോപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















